കുറ്റ്യാടി: വൃക്ഷത്തൈ നടുക എന്നതല്ല വൃക്ഷത്തൈ നട്ടു പരിപാലിക്കുക എന്നതായിരിക്കണം മുദ്രാവാക്യം എന്ന് പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തക പ്രൊഫ. കുസുമം ജോസഫ് പറഞ്ഞു. ‘ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം’ എന്ന മുദ്രാവാക്യവുമായി രൂപംകൊണ്ട പ്രൊഫ. ശോഭീന്ദ്രന് ഫൗണ്ടേഷന്റെ ‘ശോഭീന്ദ്ര വാരാചരണത്തിന്റെ’ സമാപനത്തോടനുബന്ധിച്ച് നടന്ന പരിസ്ഥിതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂളില്‍ ചേര്‍ന്ന സംഗമത്തില്‍ ഫൗണ്ടേഷന് പ്രസിഡന്റ് വടയക്കണ്ടി നാരായണന് അധ്യക്ഷനായി. പക്ഷി നിരീക്ഷകന് ഡോ. അബ്ദുല്ല പാലേരി മുഖ്യാതിഥിയായി. സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ചന്ദ്രന് ആപ്പറ്റ സൗജന്യമായി നല്കുന്ന നാട്ടുമാവിന് തൈകള്‍ ദേശീയ കൃഷി പുരസ്കാര ജേതാവ് കെ ബി ആര് കണ്ണന് വിതരണം ചെയ്തു. ചന്ദ്രന് ആപ്പറ്റയെ ചടങ്ങില്‍ ആദരിച്ചു. നിര്‍മ്മല ജോസഫ് പ്രൊഫ. ശോഭീന്ദ്രനെ കുറിച്ചുള്ള കവിത ആലപിച്ചു. ഫൗണ്ടേഷന് ട്രഷറര്‍ എം ഷെഫീക്ക്, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ എം സാദിഖ്, വേള്‍ഡ് മലയാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കുന്നോത്ത് അബ്ദുള്‍സലാം, ജില്ലാ പ്രസിഡന്റ് ഹാഫിസ് പൊന്നേരി, ലത്തീഫ് കുറ്റിപ്പുറം, പി ശാന്ത, കെ ഷംസുദ്ദീന്, അംബുജാക്ഷന് ബെല്‍മണ്ട്, സി കെ കരുണാകരന്, ആഖിഫ് അലി ഖാന്, ഹന ഫാത്തിമ, ജലീല്‍ കുറ്റ്യാടി, സി.എം അശോകന് തുടങ്ങിയവര്‍ സംസാരിച്ചു.
ശോഭീന്ദ്ര വാരത്തിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണം, ഫൗണ്ടേഷന്റെ പ്രഖ്യാപനം, ശോഭീന്ദ്ര വൃക്ഷം, അമ്മു എന്ന പരിസ്ഥിതി ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനം, ‘ശോഭീന്ദ്ര വര’ എന്ന ചിത്രരചന പരിപാടി, പ്രൊഫ. ശോഭീന്ദ്രന് അനുസ്മരണം, പരിസ്ഥിതി പ്രശ്നോത്തരി എന്നിവ നടന്നതിനുശേഷമാണ് സമാപന ദിനത്തില്‍ പരിസ്ഥിതി സംഗമം സംഘടിപ്പിച്ചത്.