വടകര: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ മൂല്യാധിഷ്ഠിതമായി വാര്‍ത്തെടുത്ത പാലേരി കണാരന്‍ മാസ്റ്ററും ആ അടിത്തറയില്‍
അതിനെ ഇന്നത്തെ നിലയിലേക്കു വളര്‍ത്തിയ രമേശന്‍ പാലേരിയും വെട്ടിത്തെളിച്ച പാതയിലൂടെ സൊസൈറ്റിയെ അത്യുന്നതിയിലേക്കു നയിക്കുകയാണു ലക്ഷ്യമെന്ന് പുതിയ ചെയര്‍മാന്‍ എസ്.ഷാജു. ആ ദൗത്യത്തില്‍ എല്ലാവരുടെയും പിന്തുണയും കൂട്ടായ പരിശ്രമവും ഉണ്ടാകണമെന്ന് അദ്ദേഹം തൊഴിലാളികളോട് അഭ്യര്‍ഥിച്ചു. സൊസൈറ്റിയുടെ എക്കാലത്തെയും കരുത്തായ ഗുണനിഷ്ഠയും അച്ചടക്കവും സൊസൈറ്റിയുടെ അടിസ്ഥാനസ്വഭാവമായി ഉറപ്പിച്ച മഹാനായിരുന്നു കണാരന്‍ മാസ്റ്റര്‍. ദീര്‍ഘനാള്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച് സൊസൈറ്റിയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ച അദ്ദേഹം അന്തരിച്ചതും സൊസൈറ്റിക്കായി നടത്തിയ തിരുവനന്തപുരം യാത്രയിലാണെന്ന് ചെയര്‍മാന്‍ അനുസ്മരിച്ചു. മുന്‍ പ്രസിഡന്റ് പാലേരി കണാരന്‍ മാസ്റ്ററുടെ 42-ാം
ചരമവാര്‍ഷികത്തില്‍ സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ അധ്യക്ഷ പ്രസംഗം ചെയ്യുകയായിരുന്നു അദ്ദേഹം. സൊസൈറ്റിയുടെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ പ്രകാശന്‍.പി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ എം.എം.സുരേന്ദ്രന്‍, സീനിയര്‍ ഡയറക്ടര്‍ വി.കെ.അനന്തന്‍, ഡയറക്ടര്‍മാരായ പി.കെ.സുരേഷ് ബാബു, കെ.ടി.കെ.അജി, കെ.ടി.രാജന്‍, ഷിജിന്‍.ടി.ടി, ശ്രീജ മുരളി, സി.കെ.ശ്രീജിത്ത്, സിജിഎം റോഹന്‍ പപ്രഭാകര്‍, മാറ്റര്‍ ലാബ് ജനറല്‍ മാനേജര്‍ ഫ്രഡി സോമന്‍, സര്‍ഗാലയ സിഇഒ ഷാരോണ്‍ വീട്ടില്‍, അംഗങ്ങളായ ചന്ദ്രന്‍ പുതിയാടത്തില്‍, മനേഷ്.ആര്‍, കുമാരന്‍.എം.പി എന്നിവര്‍ മാസ്റ്ററെ അനുസ്മരിച്ചു. മാനേജിങ് ഡയറക്ടര്‍ പ്രവീണ്‍കുമാര്‍.കെ സ്വാഗതവും സിജിഎം ഷാബു.കെ.പി നന്ദിയും പറഞ്ഞു.















