നാദാപുരം: കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച് അപകടാവസ്ഥയിലായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികള്‍ നാദാപുരം ഗ്രാമപഞ്ചായത്ത് ആരംഭിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതര്‍ കല്ലാച്ചി ടൗണിലെ കെട്ടിടങ്ങള്‍ പരിശോധിച്ചു തുടങ്ങി.
40 വര്‍ഷത്തിലധികം പഴക്കമുള്ള നിരവധി കെട്ടിടങ്ങള്‍ കല്ലാച്ചി ടൗണിലുണ്ട്. നാദാപുരം ടൗണിലും ഇത്തരത്തിലുള്ള കെട്ടിടങ്ങളുണ്ട്. ഈ കെട്ടിടങ്ങളിലെല്ലാം തന്നെ വിവിധതരത്തിലുള്ള വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ദിവസേനെ ഇടപെടുന്ന സ്ഥാപനങ്ങളാണിവ. അതിനാല്‍ തന്നെ ഇത്തരം കെട്ടിടങ്ങള്‍ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഏറെ ഭീഷണി ഉയര്‍ത്തുന്നതാണ്. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടത്തിയ ശേഷം പൊളിച്ചു നീക്കുന്നതിന് ഉടമകള്‍ക്ക് ദുരന്തനിവാരണ ചട്ട പ്രകാരം നോട്ടീസ് നല്‍കുമെന്നും അതിനുള്ളസമയവും സൗകര്യവും ചെയ്തു കൊടുക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അറിയിച്ചു. നിലവില്‍ ഇത്തരം കെട്ടിടങ്ങളിലുള്ള വ്യാപാരസ്ഥാപനങ്ങള്‍ ലൈസന്‍സോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നത്. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് തുടര്‍ന്ന് പുതുക്കി നല്‍കണോ എന്നുള്ളത് സംബന്ധിച്ച് അടുത്ത ഭരണസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
പരിശോധനയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ദിനേശ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.