കൊയിലാണ്ടി: മരണവീട്ടില്‍ കൂട്ടം കൂടി നിന്ന ആളുകള്‍ക്കിടയിലേക്ക് ജീപ്പ് നിയന്ത്രണം വിട്ടു ഇടിച്ചു കയറി ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. നടേരി തടോളിതാഴ
കിടഞ്ഞിയില്‍ രാജനാണ് (59) മരിച്ചത്. കൊയിലാണ്ടി നഗരത്തിലെ ചുമട്ടു തൊഴിലാളിയായ പഴങ്കാവില്‍ സുരേന്ദ്രന് (56) ന് പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. നടേരി കാവും വട്ടം മീറങ്ങാട്ട് ബാലകൃഷ്ണന് നായര്‍ (84) മരിച്ചതിനെ തുടര്‍ന്ന് സംസ്കാര ചടങ്ങിന് എത്തിയതായിരുന്നു രാജന് ഉള്‍പ്പെടെയുള്ളവര്‍. വീടിന്റെ ഉമ്മറത്ത് സംസാരിച്ചു നില്‍ക്കുകയായിരുന്ന ഇവര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ടു ഥാര്‍ ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. വീടിന്റെ ചുമരിനും വാഹനത്തിനും ഇടയില്‍പ്പെട്ട് ഗുരുതരമായി
പരിക്കേറ്റ രാജനെ ഉടന്‍തന്നെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം തിങ്കളാഴ്ച നടക്കും. പരേതരായ കിടഞ്ഞിയില്‍ രാമുണ്ണി നായരുടെയും ചിരുതേയിക്കുട്ടി അമ്മയുടെയും മകനായ രാജന് ഇലക്ട്രീഷ്യനാണ്. ഭാര്യ: ശ്രീജ. മക്കള്‍: ഹിമ രാജ (വിദ്യാര്‍ഥിനി വടകര മോഡല്‍ പോളിടെക്നിക്), ഹിദ രാജ (പ്ലസ് ടു വിദ്യാര്‍ഥിനി കൊയിലാണ്ടി ജിഎച്ച്എസ്എസ്). സഹോദരങ്ങള്‍: ദേവിയമ്മ, രാഘവന് നായര്‍. സംസ്കാരം തിങ്കളാഴ്ച 12 മണി വീട്ടുവളപ്പില്‍.
-സുധീര്‍ കൊരയങ്ങാട്















