നാദാപുരം: റോഡിന്റെ പരിഷ്‌കരണ പ്രവൃത്തി വിലയിരുത്താനും നിരീക്ഷിക്കാനും നാട്ടുകാരുടെ വാട്‌സാപ്പ് കൂട്ടായ്മ രംഗത്ത്. കുളങ്ങരത്ത്-അരൂര്‍ റോഡിന്റെ പരിഷ്‌കരണ
പ്രവൃത്തി നിരീക്ഷിക്കാനാണ് ഇങ്ങനെയൊരു കൂട്ടായ്മക്ക് രൂപം നല്‍കിയത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങിയിട്ട് കാലമേറെയായി. വാഹന ഗതാഗതം മാത്രമല്ല കാല്‍നട പോലും പ്രയാസകരമായതോടെയാണ് കൂട്ടായ്മ നിലവില്‍ വന്നത്. മഴ ചെറുതായൊന്ന് പെയ്താല്‍പോലും റോഡില്‍ വെള്ളമുയര്‍ന്ന് വാഹന ഗതാഗതം നിലക്കുന്ന സ്ഥിതിയാണ്. സര്‍ക്കാരുകള്‍ ഫണ്ട് അനുവദിച്ചിട്ടും ജനത്തിന്റെ ദുരിതം മാത്രം മാറുന്നില്ല. അടുത്ത കാലത്താണ് റോഡ് പണി പുരോഗമിച്ചത്. റോഡ് പണിയെ കുറിച്ചുള്ള ചര്‍ച്ച അനുദിനം കൂട്ടായ്മയുടെ ഗ്രൂപ്പിലുണ്ടാകും. പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ഉള്‍പ്പെടെ വിവിധ വകുപ്പ് ഉദ്യോസ്ഥരേയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പണിയില്‍ പോരായ്മ കണ്ടാല്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുകയാണ് ചെയ്യുന്നത്.















