
വടകര: രാഷ്ട്രീയഭൂപടത്തില്‍ വടകരയുടെ പേരിനൊപ്പം അറിയപ്പെട്ട നേതാവായിരുന്നു കെ.പി.ഉണ്ണികൃഷ്ണന്‍. വടകരയുടെ സ്വന്തം കെപി. വടകര എംപിയായി കാല്‍നൂറ്റാണ്ട് തിളങ്ങിയ അദ്ദേഹം
രാഷ്ട്രീയത്തിലെ വിസ്മയമായിവിശേഷിപ്പിക്കപ്പെട്ടു. വടകരയെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടും വിധം കെ.പി.ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയ ചുവടുകള്‍ മാറി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വടകരക്കാര്‍ അഭിമാനത്തോടെ കണ്ടു. രണ്ട് തവണ കോണ്‍ഗ്രസിന്റെ എംപിയായിരുന്ന ഉണ്ണികൃഷ്ണന്‍ പിന്നീട് നാലു തവണ ഇടതുപക്ഷത്തിന്റെ എംപിയുമായി. എല്‍ഡിഎഫ് പക്ഷത്ത് നിന്നപ്പോഴാണ് ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയകുതിപ്പ് നാട് കണ്ടത്. ദേശീയതലത്തിലെ അതികായന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച് വടകര എംപി ഉണ്ണികൃഷ്ണനും ശോഭിച്ചു. 1989ല്‍ വി.പി.സിംഗിന്റെ ദേശീയ മുന്നണി സര്‍ക്കാറില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്നു ഉണ്ണികൃഷ്ണന്‍. ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ ഗതിവിഗതികളില്‍ ഉണ്ണികൃഷ്ണനും നിറഞ്ഞു. രാഷ്ട്രീയ ചലനങ്ങള്‍ക്കെല്ലാം അദ്ദേഹവും സാക്ഷിയായി.
കോളജ് പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ച ഉണ്ണികൃഷ്ണന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ട് 1960ല്‍ കോണ്‍ഗ്രസ് അംഗമായി. 1962
മുതല്‍ എഐസിസി അംഗമായും പ്രവര്‍ത്തിച്ചു. ഇതോടൊപ്പം മാധ്യമ രംഗത്തും സജീവമായിരുന്നു.
ശങ്കേഴ്‌സ് വീക്ലി, ബ്ലിറ്റ്‌സ്, ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി തുടങ്ങിയവില്‍ പത്രപ്രവര്‍ത്തകനായി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായി തിളങ്ങുമ്പോഴാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്.
1971-ല്‍ വടകരയില്‍ മത്സരിക്കാന്‍ ലീലാ ദാമോദരമേനോന്റെ പേരായിരുന്നു കെപിസിസി നല്‍കിയ പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഉണ്ണികൃഷ്ണനെയാണ് ഇന്ദിരാഗാന്ധി നിശ്ചയിച്ചത്. ഇറക്കുമതി സ്ഥാനാര്‍ഥിക്കെതിരെ പാര്‍ട്ടിയില്‍ എതിര്‍പ് ഉയര്‍ന്നു. ലീലാദാമോദരന് വോട്ടഭ്യര്‍ഥിച്ച് ചുമരെഴുത്തുപോലും നടത്തിയിരുന്നു. ആന്റണിയടക്കമുള്ള കെപിസിസിയിലെ യുവതുര്‍ക്കികള്‍ ഇന്ദിരാഗാന്ധിക്കെതിരെ
പരസ്യമായി രംഗത്തുവന്നു. എന്നാല്‍; ഉണ്ണികൃഷ്ണന്‍ ഇടതുപക്ഷത്തെ തോല്‍പ്പിച്ചതിലൂടെ ഇന്ദിരാഗാന്ധിയുടെ തീരുമാനം ശരിയാണെന്ന് തെളിഞ്ഞു. പിന്നീട് ഉണ്ണികൃഷ്ണന്റെ ജൈത്രയാത്രയായിരുന്നു. കേരളത്തില്‍ ഒരേ മണ്ഡലത്തെ തുടര്‍ച്ചയായി ഏറ്റവുമധികം തവണ പ്രതിനിധീകരിച്ച ലോക്‌സഭാംഗം എന്ന പുതുചരിത്രം എഴുതാനായിരുന്നു നിയോഗം.
1971ലും 77ലും ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസിന്റെ എംപിയായി. പക്ഷേ അടിയന്തരാവസ്ഥ വന്നതോടെ ഉണ്ണികൃഷ്ണന്‍ ഇതേ ഇന്ദിരാഗാന്ധിയുടെ കടുത്ത വിമര്‍ശകനുമായി. നേരത്തെ ഉണ്ണികൃഷ്ണനെ എതിര്‍ത്തിരുന്ന ആന്റണി അടക്കമുള്ളവര്‍ ഉണ്ണികൃഷ്ണന്റെ ചേരിയിലേക്കു വന്നു. നേതൃത്വത്തിന്റെ നിലപാടുകളില്‍ കലഹിച്ച് കോണ്‍ഗ്രസ്-യുവിലും കോണ്‍ഗ്രസ്-
എസിലും എത്തി. 80-ല്‍ ഇടതുപക്ഷക്കാരനായി. ആന്റണിയും കൂട്ടരും ഇടതുപരീക്ഷണം മതിയാക്കി പഴയ പാളയത്തിലേക്ക് തിരിച്ചുപോയപ്പോഴും ഉണ്ണികൃഷ്ണന്‍ എല്‍ഡിഎഫില്‍ ഉറച്ചു നിന്നു. പിന്നീട് 15 വര്‍ഷം ഇടതുപാളയത്തിലായിരുന്നു അദ്ദേഹം. 1980, 1984, 1989, 1991 തെരഞ്ഞെടുപ്പുകളില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി എന്ന നിലയില്‍ അദ്ദേഹം മത്സരിച്ചു ജയിച്ചു. 1989ല്‍ വി.പി.സിങ് മന്ത്രിസഭയില്‍ ടെലി കമ്മ്യൂണിക്കേഷന്‍, ഷിപ്പിങ്, ഉപരിതല ഗതാഗതവകുപ്പ് തുടങ്ങിയവയുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായി. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ നിരവധി രാജ്യാന്തര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. കേന്ദ്ര മന്ത്രിയായിരിക്കെ ഇറാഖ് അധിനിവേശത്തില്‍ കുവൈത്തില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതില്‍ വി.പി.സിംഗ് നിയോഗിച്ചത് ഉണ്ണികൃഷ്ണനെയായിരുന്നു. തന്റെ
ദൗത്യം കൃത്യമായി നിറവേറ്റാന്‍ അദ്ദേഹത്തിനായി. ഒളിസങ്കേതത്തില്‍ ചെന്ന് സദ്ദാം ഹുസൈനെ നേരില്‍ കണ്ടാണ് ആ ദൗത്യം പൂര്‍ത്തീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ദേശീയതലത്തില്‍ തന്നെ കരുത്തനായ ഉണ്ണികൃഷ്ണനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഏശിയില്ല. 1984ല്‍ ഇന്ദിരാഗാന്ധി വധത്തിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലും 1991ലെ വിവാദമായ കോലീബി പരീക്ഷണത്തിലും ഉണ്ണികൃഷ്ണനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിനായില്ല. കോണ്‍ഗ്രസിനു കരുത്തുപകരാന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരണമെന്ന് 1994ല്‍ അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ
അഭ്യര്‍ഥന കൂടി കണക്കിലെടുത്താണ് അദ്ദേഹം അടുത്തവര്‍ഷം കോണ്‍ഗ്രസിലേക്ക് തിരികെയെത്തുന്നത്.
കോണ്‍ഗ്രസിലേക്ക് മടങ്ങി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹത്തെ പക്ഷേ വടകര കയ്യൊഴിഞ്ഞു. 1996ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഒ.ഭരതന്‍ അദ്ദേഹത്തെ തോല്‍പിച്ചു. വടകരയില്‍ നിന്ന് എംപിയായി തുടങ്ങിയ ഉണ്ണികൃഷ്ണന്‍ വടകരയില്‍ നിന്ന് തന്നെ പരാജയത്തിന്റെ കയ്പ് നുണഞ്ഞു. പിന്നീട് ഉണ്ണികൃഷ്ണന്‍ സജീവരാഷ്ട്രീയം മതിയാക്കുകയായിരുന്നു.
















