കോഴിക്കോട്: കേരളത്തിനായി മെഡല്‍ നേടുന്ന കായികതാരങ്ങള്‍ നിരാശപ്പെടേണ്ടി
വരില്ലെന്നും കായികതാരങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ശക്തമായി നിലകൊള്ളുമെന്നും കായികയുവജനകാര്യ മന്ത്രി ഒ.ജെ.ജനീഷ് പറഞ്ഞു. 68-ാമത് സംസ്ഥാന സ്‌കൂള്‍
കായികമേളയുടെ സംഘാടക സമിതി ഓഫീസ് കോഴിക്കോട് എന്‍ഐടി ക്യാമ്പസിന് സമീപത്തെ ചിന്മയ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക താരങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്ന സര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്ന താരങ്ങള്‍ക്കുള്ള പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചത്. മെഡല്‍ നേടി തിരിച്ചെത്തുമ്പോള്‍ തന്നെ പാരിതോഷികം നല്‍കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ തിരുവമ്പാടി സ്വദേശി വിദര്‍ശ വിനോദിന് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനായി കായിക വകുപ്പ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയ കളരിപ്പയറ്റ് അക്കാദമി സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസല്‍ കേന്ദ്ര കായിക മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. പദ്ധതി യാഥാര്‍ഥ്യമാകുകയാണെങ്കില്‍ അക്കാദമി മലബാര്‍ മേഖലയില്‍ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2036ലെ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന കായികതാരങ്ങളില്‍ പലരും ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയിലൂടെ വളര്‍ന്നുവരുന്നവരായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കായികമേള ഏറ്റെടുത്ത് മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ കോഴിക്കോട്ടെ കായിക പ്രേമികള്‍ക്ക് കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ 31ന് ജി.വി.രാജയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വിപുലമായി സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് അവാര്‍ഡ് നൈറ്റില്‍ കേരളത്തിനായി മെഡല്‍ നേടിയ കായികതാരങ്ങളെ ആദരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സ്‌കൂള്‍ കായികമേള സംഘാടകസമിതി ചെയര്‍മാന്‍
എം.എ.റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.എം.അഭിജിത്ത് എംഎല്‍എ മുഖ്യാതിഥിയായി. സംസ്ഥാന ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തീര്‍ഥ പ്രശോഭിനെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കായികമേള ലോ ആന്‍ഡ് ഓര്‍ഡര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണുമായ മില്ലി മോഹന്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.നദീറ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ബള്‍ക്കീസ്, മുനീര്‍ എരവത്ത്, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (അക്കാദമിക്) സി.എ.സന്തോഷ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ജോയിന്റ് ഡയറക്ടര്‍ ഒളിമ്പ്യന്‍ പി.ആര്‍.ശ്രീജേഷ്, സ്റ്റേറ്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ അജിത് വര്‍ഗീസ്, കോഴിക്കോട് എസ്എസ്‌കെ ഡിപിസി ഡോ. നിസാര്‍ ചേലേരി, കോഴിക്കോട് ആര്‍ഡിഡി എസ്.സുധ, സംസ്ഥാന സ്‌കൂള്‍ കായികമേള ട്രഷറര്‍ മുഹമ്മദ് ഷരീഫ് എന്നിവര്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എസ്.അമൃത സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ആര്‍.കെ.ഷാഫി നന്ദിയും പറഞ്ഞു.
ചടങ്ങിന് ശേഷം സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് വേദിയാകുന്ന എന്‍ഐടി ക്യാമ്പസിലെ സിന്തറ്റിക് ട്രാക്കും കായിക വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു.















