
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ രംഗത്ത്. ബിജെപി ടിക്കറ്റില്‍
തെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൂടേയെന്ന് ഗ്യാനേഷ് കുമാര്‍ തന്നോട് ചോദിച്ചുവെന്നും ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകാമെന്ന് അദ്ദേഹം പറഞ്ഞുവെന്നുമാണ് വെളിപ്പെടുത്തല്‍. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് മറുപടി നല്‍കിയതായും ജിജി തോംസണ്‍ പറഞ്ഞു. 2016ല്‍ ഡല്‍ഹി വിമാനയാത്രക്കിടെയാണ് സംഭാഷണം നടന്നത്. ഒരു മാധ്യമത്തോടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഗ്യാനേഷ് കുമാര്‍ അല്ലല്ലോ ഈ ഓഫര്‍
വെക്കേണ്ടതെന്നും ഗ്യാനേഷ് കുമാറിന്റെ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസണ്‍ വെളിപ്പെടുത്തി. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചാല്‍ ബിജെപിയിലേക്ക് ചേരാനായിരുന്നു ഗ്യാനേഷ്‌കുമാറിന്റെ നിര്‍ദേശം. ജിജി തോംസണ്‍ സര്‍വീസില്‍ ഇരിക്കെയാണ് ഗ്യാനേഷ് ഇത്തരമൊരു ക്ഷണം മുന്നോട്ടുവെക്കുന്നത്. എന്നാല്‍, ക്ഷണം നിരസിക്കുകയായിരുന്നുവെന്നാണ് ജിജി തോംസണ്‍ വെളിപ്പെടുത്തിയത്.
എസ്‌ഐആറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഗ്യാനേഷ് കുമാറിന്റെ വിശദീകരണം ആവശ്യപ്പെട്ട് എന്‍ഡിഎ സഖ്യകക്ഷികളും രംഗത്തെത്തിയതിനിടെയാണ് ജിജി
തോംസണിന്റെ വെളിപ്പെടുത്തല്‍.
തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി), ലോക് ജന്‍ശക്തി പാര്‍ട്ടി (രാം വിലാസ്), രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍എല്‍എം) എന്നീ പാര്‍ട്ടികളാണ് പരസ്യമായി രംഗത്തെത്തിയത്. ജനങ്ങളുടെ സംശയം നീക്കണം, വിശ്വാസം കാത്തു സൂക്ഷിക്കണം. അത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഉത്തരവാദിത്വമാണെന്ന് ലോക് ജന്‍ശക്തി പാര്‍ട്ടി (രാംവിലാസ്) നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്‍ പറഞ്ഞു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന വോട്ടുകൊള്ള അടക്കമുള്ള ആരോപണങ്ങള്‍ ബിജെപി തള്ളുമ്പോഴാണ് ഘടകകക്ഷികള്‍ വിരുദ്ധ നിലപാടെടുത്തത്.















