കാര്‍ത്തികപ്പള്ളി: ക്ഷീരവികസനവകുപ്പ്, വടകര ബ്ലോക്ക് പഞ്ചായത്ത്, കുറിഞ്ഞാലിയോട് ക്ഷീരസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി
സംഘടിപ്പിച്ചു. ക്ഷീരമേഖലയിലെ നൂതന രീതികളെക്കുറിച്ചും ക്ഷീര വികസനവകുപ്പിന്റെ പദ്ധതികളെക്കുറിച്ചും കന്നുകാലി പരിപാലനത്തെക്കുറിച്ചും വിശദീകരിക്കുന്നതിനായി നടന്ന പരിപാടി വാര്‍ഡ് മെമ്പര്‍ ഒ.എം.വിജിന ഉദ്ഘാടനം ചെയ്തു. ടി.പി.മൂസ മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കുറിഞ്ഞാലിയോട് ക്ഷീരസംഘം പ്രസിഡന്റ് ടി.പി.റഷീദ് അധ്യക്ഷത വഹിച്ചു. ഏറാമല വെറ്റിനറി സര്ജന് ഡോ. അപര്‍ണ മാധവന് ‘കറവപ്പശുക്കളിലെ അകിട് വീക്കം’ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. വടകര ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ കെ.ബാസിമ ക്ഷീര കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികളെക്കുറിച്ച് വിവരിച്ചു. ക്ഷീര കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ്, കര്‍ഷകരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, പെണ്മക്കള്ക്കുള്ള വിവാഹ സഹായം എന്നിവ എങ്ങനെ അപേക്ഷിക്കണമെന്ന് വടകര ബ്ലോക്ക് ഡിഎഫ്ഐ സുനിഷ വിശദീകരിച്ചു. ജൂണില്‍ പാലളന്ന കര്‍ഷകര്‍ക്ക് മില്‍മ അനുവദിച്ച പ്രകാരമുള്ള അധികവില ചടങ്ങില്‍ വിതരണം ചെയ്തു. സംഘം ഡയറക്ടര്‍ സി.ബാബു സ്വാഗതവും സംഘം സെക്രട്ടറി ആഷ്ന.എം.സി നന്ദിയും പറഞ്ഞു.















