വടകര: തിരുവോണനാളില്‍ പതിയാരക്കര മഞ്ചയില്‍ കടവില്‍ ഡിവൈഎഫ്‌ഐ നേതാവ് വിനൂപിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ്
ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തില്‍ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നൂറു കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം കയര്‍ സൊസൈറ്റി പരിസരത്തു നിന്ന് ആരംഭിച്ച് മാങ്ങില്‍ കൈയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ കൂട്ടായ്മ സിപിഎം ഏരിയാ സെക്രട്ടറി ടി.പി.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ പതിയാരക്കര മേഖലാ ജോ. സെക്രട്ടറിയും മഞ്ചയില്‍ കടവ് പ്രദേശത്തെ ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മയുടെ പ്രധാന പ്രവര്‍ത്തകനുമായ വിനൂപിനെയാണ് ലഹരി മാഫിയ സംഘം അക്രമിച്ച് പരിക്കേല്‍പിച്ചത്. സംഭവം നടന്ന് ഒരു മാസമാകാറിയിട്ടും കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ലോക്കല്‍ സെക്രട്ടറി ടി.പി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.മധുസൂദനന്‍, ടി.സി.രമേശന്‍ എന്നിവര്‍ സംസാരിച്ചു. കെ.ജിനീഷ് സ്വാഗതം പറഞ്ഞു.















