
കൊയിലാണ്ടി: ചേമഞ്ചേരി ശ്രീകാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം എര്‍പ്പെടുത്തിയ
മൃത്യുഞ്ജയ പുരസ്‌കാരം വാദ്യകലാകാരന്‍ സന്തോഷ് കൈലാസിന്.
കല-സാഹിത്യ-സാംസ്‌കാരിക മേഖലയിലെ പ്രതിഭകള്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന്റെ
പതിനൊന്നാം പതിപ്പാണ് ഇത്തവണ സമ്മാനിക്കുന്നത്.
കേരളീയ മേളകലയേയും സോപാന സംഗീതത്തേയും ഇന്ത്യയിലും വിദേശരാജ്യങ്ങളിലും
ജനകീയമാക്കുന്നതില്‍ മൂന്ന് പതിറ്റാണ്ടായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സന്തോഷ് കൈലാസിന് പുരസ്‌കാരം നല്‍കുന്നത്. ആര്‍ട്ടിസ്റ്റ് യു.കെ. രാഘവന്‍ രൂപകല്‍പ്പന ചെയ്ത
മൃത്യുഞ്ജയ ശില്പവും 11111 രൂപയുടെ ഗുരുദക്ഷിണയും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.
17 വര്‍ഷമായി ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോപാനം വാദ്യകലാ
സംഘത്തിന്റെ സ്ഥാപകനും ഡയറക്ടറുമാണ് സന്തോഷ് കൈലാസ്. ഇന്ത്യയ്ക്ക് പുറത്തു നടക്കുന്ന ഏറ്റവും വലിയ വാദ്യോത്സവമായ സോപാനം വാദ്യ സംഗമത്തിന്റെ മുഖ്യ സംഘാടകനാണ്. മേള കലയുടെയും സോപാന സംഗീതത്തിന്റെയും പ്രചാരണത്തിനായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഭാരതപരിക്രമ യാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, പെരുവനം കുട്ടന്‍ മാരാര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗായകന്‍ ജി. വേണുഗോപാല്‍, ഡോ. എം ജി എസ് നാരായണന്‍, സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍, ഗായിക വൈക്കം വിജയലക്ഷ്മി, എഴുത്തുകാരി
ആര്‍. രാജശ്രീ എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം സമര്‍പ്പിച്ചത്.
ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് മൂന്നിന് നടക്കുന്നചടങ്ങില്‍ മൃത്യുഞ്ജയപുരസ്‌കാരം സമര്‍പ്പിക്കും. തുടര്‍ന്ന് 100 സോപാന സംഗീത കലാകാരന്‍മാര്‍ ചേര്‍ന്ന് ശതസോപാനം
അവതരിപ്പിക്കും. 2027 മാര്‍ച്ച് 1 മുതല്‍ 8 വരെയാണ് കാഞ്ഞിലശ്ശേരി
ശിവരാത്രി മഹോത്സവം.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഷൈജു ഹരിചന്ദനം,
എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.ടി. മനോജ് നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ വസുദേവം,
രാജന്‍ കളത്തില്‍, രഞ്ജിത്ത് കുനിയില്‍, ചന്ദ്രശേഖരന്‍ മാതൃഛായ, വി.എം ജാനകി എന്നിവര്‍ പങ്കെടുത്തു.
















