കൊച്ചി: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍. തന്നെ നിരന്തരം അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും
കുറിപ്പുകളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മുന്‍സിഫ് കോടതിയിലാണ് മഞ്ജു വാര്യര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരായി സനല്‍ കുമാര്‍ ശശിധരന്‍ പങ്കുവെച്ച എല്ലാ അപകീര്‍ത്തികരമായ കുറിപ്പുകളും പോസ്റ്റുകളും അടിയന്തരമായി പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ നടി ആവശ്യപ്പെടുന്നു. സനല്‍കുമാര്‍ ശശിധരനെ ഒന്നാം പ്രതിയാക്കിയും മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിലെ സാജന്‍ സ്‌കറിയയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് ഫയല്‍ ചെയ്തതെന്ന് മഞ്ജുവിന്റെ അഭിഭാഷക ശാന്തി മായാദേവി വ്യക്തമാക്കി. മെറ്റയാണ് കേസിലെ മൂന്നാം പ്രതി. മറ്റ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും ഹര്‍ജിയില്‍ പരാതിയുണ്ട്. മഞ്ജു വാര്യര്‍ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് സംവിധായകന്‍ സനല്‍കുമാര്‍
ശശിധരനും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയക്കും കോടതി വിലക്കേര്‍പ്പെടുത്തി. മഞ്ജു വാര്യര്‍ സമര്‍പ്പിച്ച മാനനഷ്ട കേസിലാണ് അതിവേഗം എറണാകുളം മുന്‍സിഫ് കോടതി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. നിലവിലുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് മെറ്റയ്ക്ക് കോടതി നോട്ടീസ് അയച്ചു. വരുന്ന മുപ്പതാം തീയതി കോടതിയിലെത്തി വിശദീകരണം നല്‍കാന്‍ സനല്‍കുമാര്‍ ശശിധരനോടും, ഷാജന്‍ സ്‌കറിയയോടും കോടതി നിര്‍ദ്ദേശിച്ചു. മഞ്ജു വാര്യര്‍ സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സനല്‍കുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുകയാണ്. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തെരുവില്‍ വെച്ചാണ് അദ്ദേഹം സമരം ചെയ്യുന്നത്.















