വടകര: റവന്യൂ ഡിവിഷണല്‍ ഓഫീസിന്റെ (ആര്‍ഡിഒ) പുതിയ സബ് കളക്ടറായി 2024 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ പി.പി.അര്‍ച്ചന ചുമതലയേറ്റു. പയ്യന്നൂര്‍ സ്വദേശിയായ അര്‍ച്ചന,
നേരത്തെ വയനാട് അസിസ്റ്റന്റ് കളക്ടറായും കാഞ്ഞങ്ങാട് സബ് കളക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വടകരയിലെ ഗതാഗതക്കുരുക്ക് ഉള്‍പെടെയുള്ള പ്രശ്‌നങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ ശേഷം പി.പി.അര്‍ച്ചന മാധ്യമങ്ങളോട് പറഞ്ഞു. കളക്ടറുടെ നിര്‍ദേശങ്ങള്‍ക്കൊപ്പം നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ കൂടി തേടി പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുമെന്ന് അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവിലാണ് അര്‍ച്ചനയെ വടകരയിലേക്ക് നിയമിച്ചത്. വടകര കേന്ദ്രമായി റവന്യു ഡിവിഷന്‍ നിലവില്‍ വന്നശേഷം ഇതാദ്യമായാണ് സബ് കളക്ടറെ നിയമിക്കുന്നത്.















