കക്കട്ടില്‍: കളക്കാത്ത സന്ദനമേറെ…. എന്ന പാട്ട് പാടി ഗാനാസ്വാദകരുടെ മനം കവര്‍ന്ന
നാഞ്ചിയമ്മയുടെ ഊര് സന്ദര്‍ശിച്ച് കുന്നുമ്മലിലെ ജനപ്രതിനിധികള്‍. മൂന്ന് ദിവസമായി പിഎംകെഎസ്‌വൈ പദ്ധതിയുമായി ബന്ധപ്പെട്ട് പാലക്കാട്ട് നടന്ന പരിശീലന പരിപാടിയുടെ
സമാപന ദിവസമാണ് അഗളിയിലെ ഊര് സന്ദര്‍ശിച്ചത്. സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രമായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഏറെ ജനപ്രിയമായ നാടന്‍ പാട്ടാണ് അഗളി സ്വദേശിയായ പ്രശസ്ത ആദിവാസി കലാകാരി നാഞ്ചിയമ്മ ആലപിച്ചത്. ഈ ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും നാഞ്ചിയമ്മയ്ക്ക് ലഭിക്കുകയുണ്ടായി. അവരുടെ പാട്ട് നേരിട്ട് കേട്ട സന്തോഷത്തിലാണ് കുന്നുമ്മലിലെ ജനപ്രതിനിധികള്‍. ജനപ്രതിനിധികളെ ആശിര്‍വദിച്ച നഞ്ചിയമ്മ തന്റെ പാട്ടുകള്‍ പാടി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിലെയും കുന്നുമ്മല്‍, നരിപ്പറ്റ, കായക്കൊടി, കുററ്യാടി, നാദാപുരം പഞ്ചായത്തുകളിലെയും ജനപ്രതിനിധികളാണ് പങ്കെടുത്തത്. ബ്ലോക്ക് പ്രസി. കെ.ശശീന്ദ്രന്‍, സെക്രട്ടറി പി.അമ്പിളി എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.
-ഇ.ആനന്ദന്‍















