ന്യൂഡല്‍ഹി: സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിയമനവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരായ ആരോപണം ആവര്‍ത്തിച്ച് ദല്ലാള്‍ നന്ദകുമാര്‍. അനില്‍ ആന്റണിക്ക് 25 ലക്ഷം രൂപ കൈമാറിയതിന്റെ
ചിത്രവും നന്ദകുമാര്‍ പുറത്തുവിട്ടു. ഒരു ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ കവറില്‍ 25 ലക്ഷം കൈമാറിയെന്നാണ് നന്ദകുമാര്‍ നേരത്തെ പറഞ്ഞിരുന്നത്. ഇതിന്റെ ചിത്രമാണ് പുറത്തുവിട്ടത്.
സ്റ്റാന്റിങ് കൗണ്‍സില്‍ ഇന്റര്‍വ്യൂ കോള്‍ ലെറ്ററിന്റെ പകര്‍പ്പ് കൈവശമുണ്ട്. നിയമനം നടക്കാതെ വന്നപ്പോള്‍ അഞ്ച് തവണയായി പണം തിരികെ നല്കി. പണമിടപാടില്‍ ആന്‍ഡ്രൂസ് ആന്റണി എന്നയാള്‍ ഇടനിലക്കാരാനായിരുന്നു. അനില്‍ ആന്റണിയുടെ അടുപ്പക്കാരാനാണ് ആന്‍ഡ്രൂസ് എന്നും നന്ദകുമാര്‍ വ്യക്തമാക്കി. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനിലിനുമൊപ്പം ആന്‍ഡ്രൂസ് നില്ക്കുന്ന ചിത്രവും നന്ദകുമാര്‍ പുറത്തുവിട്ടു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ ബിജെപി നേതാവും ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ശോഭ സുരേന്ദ്രന് കൈപ്പറ്റിയതായും നന്ദകുമാര്‍ വെളിപ്പെടുത്തി. 2023 ജനുവരി നാലിന് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ ബ്രാഞ്ചില്‍ നിന്ന് ശോഭന എന്ന അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്ന് വ്യക്തമാക്കിയ നന്ദകുമാര്‍, ബാങ്ക് രസീതിന്റെ പകര്‍പ്പ് പുറത്തുവിടുകയും ചെയ്തു. ശോഭ എന്ന പേരിലുള്ള ആള് ശോഭാ സുരേന്ദ്രനാണ്. പല തവണ ആവശ്യപ്പെട്ടിട്ടും 10 ലക്ഷം രൂപ ശോഭ തിരികെ നല്‍കിയില്ല. ശോഭയുമായി അടുത്തുബന്ധമുള്ള കേന്ദ്രങ്ങള്‍ തന്നെ സമീപിക്കുകയും പ്രശ്നം പരിഹരിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പണം തിരികെ ലഭിക്കാത്ത സാഹചര്യത്തിലാണ് പേര് പുറത്തുവിടുന്നതെന്നും നന്ദകുമാര്‍ വ്യക്തമാക്കി.
ശോഭ സുരേന്ദ്രന്റെ ഫോട്ടോ പതിച്ച ആധാരവുമായി ബന്ധപ്പെട്ട ഭൂമിയിടപാടിനാണ് പണം നല്‍കിയത്. തന്റെ ആരോപണം നിഷേധിച്ചാല്‍ ശോഭക്കെതിരായ കൂടുതല്‍ രേഖകള്‍ പുറത്തുവിടും. ഭൂമിയിടപാടില്‍ കരാര്‍ ഉണ്ടായിരുന്നില്ലെന്നും ശോഭ നേരിട്ടു വിളിച്ചിരുന്നതായും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.