വടകര: സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ബദല്‍ നയങ്ങള്‍ ആവിഷ്കരിക്കുന്നത് കൊണ്ടാണ് കേരളത്തെ കേന്ദ്രം വേട്ടയാടുന്നതെന്ന് സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു. ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇടത് പക്ഷം രാജ്യത്ത് നടത്തിയ ശക്തമായ പോരാട്ടങ്ങളുടെ ഫലമാണ് കുറച്ചെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ന് അവശേഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വടകര കോട്ടപറമ്പില്‍ സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ ടീച്ചര്‍ക്കൊപ്പം എന്ന പരിപാടിയില്‍ എച്ച്എംഎസ് ദേശീയ നിര്‍വാഹക സമിതി അംഗം മനയത്ത് ചന്ദ്രന് അധ്യക്ഷനായി.
തൊഴിലാളികളുടെ ജീവിതം ദുരിതപൂര്ണമായതും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പെരുകിയതും മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളാണെന്ന് നാം തിരിച്ചറിയണം. ജനങ്ങളെ ഇടിച്ചു നിരത്തുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയമാണ് മോദിയുടേത്. കേരളമാകട്ടെ എല്ലാ മേഖലകളിലും ബദല്‍ നയങ്ങള്‍ സ്വീകരിച്ച് അന്തര്‍ദേശീയ ശ്രദ്ധ നേടുന്നു. പാര്‍ലമെന്റിനകത്ത് പൗരത്വ ബില്ലുകള്‍ അടക്കം ജനവിരുദ്ധ ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മൗനം പാലിച്ചു. എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനും ഇടത് പക്ഷവും ബിജെപിയെ വിമര്‍ശിക്കുന്നില്ലെന്ന പരിഹാസ്യമായ വാദമാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെത്.അഴിമതി നിയമവിധേയമാക്കിയ ഇലക്ട്രല്‍ ബോണ്ട്വാങ്ങിയത് കൊണ്ടാണ് നിര്‍ണായക വിഷയങ്ങളില്‍ കോണ്‍ഗ്രസ് അവസരവാദ നയം സ്വീകരിക്കുന്നത്. രാജ്യത്തിന്റെ ശത്രുക്കളെയും ജനങ്ങളുടെ ശത്രുക്കളെയും അവസരവാദ നിലപാട് സ്വീകരിക്കുന്നവരെയും പരാജയപ്പെടുത്താനുള്ള വലിയ ഉത്തരവാദിത്വമാണ് കേരളത്തിലെ വോട്ടര്‍മാര്‍ക്ക്. ഇടത് പക്ഷത്തിന്റെ കരുത്ത് പാര്‍ലമെന്റില്‍ വര്ധിപ്പിക്കുയെന്നത് തൊഴിലാളികളുടെ ശബ്ദം കേള്‍പ്പിക്കാന്‍ കഴിയുമെന്നത് കൊണ്ട് കൂടിയാണ്. മനുഷ്യനന്മയിലൂന്നിയ പൊതു പ്രവര്‍ത്തനം കാഴ്ചവെക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയെ പാര്‍ലമെന്റിലേക്ക് അയക്കാനുള്ള ചുമതല ഓരോ തൊഴിലാളിയും
നിര്‍വഹിക്കണമെന്ന് തപന്‍സെന്‍ പറഞ്ഞു.
വിവിധ തൊഴിലാളി യൂണിയന് നേതാക്കളായ സി പി മുരളി, എം കെ രാമചന്ദ്രന്, കെ കെ മമ്മു, എ ടി ശ്രീധരന്, പി സുരേഷ് ബാബു, എന്നിവര്‍ സംസാരിച്ചു. കെ മനോഹരന് സ്വാഗതവും വി എം വിനു നന്ദിയും പറഞ്ഞു.