അരൂര്‍: പുറമേരി ഗ്രാമപഞ്ചായത്തിലെ അരൂരില്‍ വിവിധ ഭാഗങ്ങളിലായി മഞ്ഞപ്പിത്തം വ്യാപിക്കുന്നു. ഏഴ് പേര് ആശുപത്രികളില്‍ ചികിത്സയില്‍. 12 വയസുകാരനെ കോഴിക്കോട്
മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്ന് പേരെ കുറ്റ്യാടി സ്വകാര്യ ആശുപത്രിയിലും മൂന്ന് പേരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നേരത്തെ അസുഖം ബാധിച്ച രണ്ട് പേര് ആശുപത്രി വിട്ടു. പുറമേരി പപഞ്ചായത്തിലെ 9,12 വാര്‍ഡുകളിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനവും ക്ലോറിനേഷനും നടത്തിവരുന്നുണ്ട്. പുറമേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.അജയന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കിണറുകളിലെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. സമാന ലക്ഷണം ഉള്ളവര്‍ ചികിത്സ തേടണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇസ്മായില്‍ പുളിയം വീട്ടില്‍ നിര്‍ദേശിച്ചു. പ്രദേശം ആരോഗ്യ പ്രവര്‍ത്തകരുടെ സജീവ നിരീക്ഷണത്തിലാണെന്നും പരിശോധനയും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.ടി.മൊയ്തി അറിയിച്ചു.















