വടകര: ഓള്‍ കേരള റീടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ വടകര താലൂക്ക് കമ്മിറ്റി ഓഫീസ് 13ന് രാവിലെ 10 മണിക്ക് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍
ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വടകര കേരള കൊയര്‍ ടാക്കീസിനു സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് സംഘടനയുടെ ഓഫീസ്. ഉദ്ഘാടനത്തെ തുടര്‍ന്ന് റേഷന്‍ വ്യാപാരികളുടെ കുടുംബ സംഗമവും നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷന്‍ സംസ്ഥാന-ജില്ലാ നേതാക്കളും ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും. വടകര താലൂക്കിലെ റേഷന്‍ വ്യാപാരികളുടെ ചിരകാല സ്വപ്നമാണ് ഓഫീസ് എന്ന് ഇവര്‍ പറഞ്ഞു. പെന്‍ഷന്‍ ഉള്‍പെടെ റേഷന്‍ വ്യാപാരികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ താലൂക്ക് സെക്രട്ടറി കെ.പി.ബാബു, വൈസ് പ്രസിഡന്റ് എം.കെ.ബാലന്‍, കെ.ടി.കെ.മുരളി, കെ.എം.നിസാര്‍ എന്നിവര്‍ പങ്കെടുത്തു.















