തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പൊലീസ്
മേധാവിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കത്ത് നൽകിയതിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി നീക്കം രാഷ്‌ട്രീയ ലക്ഷ്യംവച്ചുള്ളതാണെന്നും ഇതിനെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. കേസ് എങ്ങോട്ടാണ് നീങ്ങുന്നതെന്ന് നേരത്തെ വ്യക്തമായിരുന്നെന്നും പിണറായി വിജയനിലേക്ക് കേസന്വേഷണം എത്തിക്കാൻ നേരത്തെ ശ്രമം നടന്നിരുന്നുവെന്നും ഗോവിന്ദൻ
ആരോപിച്ചു. സംസ്ഥാന സർക്കാർ തീരുമാനം പുറത്തുവന്ന ശേഷം കൂടുതൽ നടപടിയുമായി മുന്നോട്ടുപോകാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം.
എസ്എഫ്ഐഒ റിപ്പോർട്ടിൽ പിണറായിയുടെ പേര് പരാമർശിച്ചപ്പോഴേ കേസിന്റെ പോക്കിൽ പാർട്ടിയ്‌ക്ക് വ്യക്തത ഉണ്ടായിരുന്നു. അന്നുതന്നെ എല്ലാ വിവരങ്ങളും പുറത്തുവന്നിരുന്നു. 182 കോടിയുടെ കണക്ക് ആദ്യമേ പുറത്തുവന്നിരുന്നു. അതിൽ ഇപ്പോഴത്തെ ഭരണകക്ഷി നേതാക്കളുമുണ്ട്. സംഭാവന കൈപ്പറ്റിയ കണക്ക് പുറത്തുവന്നതാണ്. ഈയൊരുകാര്യം മാത്രം തിരഞ്ഞുപിടിച്ച് കേസ് കെട്ടിച്ചമച്ചു. മറ്റാർക്കുമെതിരെ കേസെടുക്കാത്തതെന്തേ?’- എം വി ഗോവിന്ദൻ ചോദിച്ചു.
















