വില്യാപ്പള്ളി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡ് മംഗലാട് പ്രദേശത്ത് അരൂറ മലയുടെ താഴ്‌വാരത്ത് പുലിയാണെന്ന് തോന്നിക്കുന്ന മൃഗത്തിന്റെ കാല്‍പ്പാടുകള്‍
കണ്ടെത്തിയതോടെ നാട്ടുകാര്‍ ഭീതിയില്‍. ഞായറാഴ്ച രാത്രി ഈ ഭാഗത്ത് പുലിയെപ്പോലെ തോന്നിക്കുന്ന മൃഗത്തെ കണ്ടതായി പ്രചരണമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്ഥലത്ത് കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. വാര്‍ഡ് മെമ്പര്‍ അക്കരോല്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചു. കുറ്റ്യാടി ഫോറസ്റ്റ് സെക്ഷന്റെ ബീറ്റ് ഓഫീസര്‍ ഷൈനിയുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. സംഘം പ്രദേശം മുഴുവന്‍ പരിശോധിക്കുകയും കാല്‍പ്പാടുകളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. കാല്‍പ്പാടുകള്‍ പുലിയുടേതല്ലന്നും പട്ടിപ്പുലി എന്ന മൃഗത്തിന്റെതാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.















