
വടകര: ഡിവൈഎഫ്‌ഐ വടകര പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍
സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കും പോലീസിനും പരിക്ക്. ബാരിക്കേഡ് മറികടന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പിലേക്ക് ഇരച്ചുകയറി. ലഹരി
മാഫിയ സംഘങ്ങള്‍ക്ക് പോലീസ് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച വൈകുന്നേരം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയത്. രണ്ടാഴ്ച മുമ്പ് മണിയൂര്‍ മഞ്ചയില്‍ കടവില്‍
ഡിവൈഎഫ്‌ഐ പതിയാരക്കര മേഖലാ ജോ. സെക്രട്ടറി വിനൂപിനെ ഒരു സംഘമാളുകള്‍ ആക്രമിച്ച് പരിക്കേല്‍പിച്ചിരുന്നു. ലഹരി മാഫിയയാണ് അക്രമത്തിനു പിന്നിലെന്നാണ് പരാതി. ഇതില്‍ ശക്തമായ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും
പ്രവര്‍ത്തകര്‍ മുന്നോട്ട് കുതിക്കുകയായിരുന്നു. ഇവര്‍ക്കു നേരെ പോലീസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ഒരു പോലീസുദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. പിന്മാറാന്‍ തയ്യാറാകാതെ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ വരാന്ത വരെ ഓടിയെത്തി. സ്റ്റേഷന്റെ വാതില്‍ അടച്ച നിലയിലായിരുന്നു. വരാന്തയിലും മുറ്റത്തുമായി നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.
സ്ഥിതി കൂടുതല്‍ വഷളാവും മുമ്പേ നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് ദിപു പ്രേംനാഥ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐക്കാരെ തല്ലിയൊതുക്കാമെന്ന് ആരും കരുതേണ്ടെന്നും പോലീസ് കാഴ്ചക്കാരായി മാറി നിന്നാല്‍ കൈകാര്യം ചെയ്യാന്‍ ഡിവൈഎഫ്‌ഐക്ക് അറിയാമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.















