വടകര: തിരൂര്‍ മലയാളം സര്‍വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ഥി അനഘ ശശിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കള്‍ച്ചറല്‍ ഫോറം വടകര പുതിയ ബസ് സ്റ്റാന്റ്
പരിസരത്ത് ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു. രണ്ടര വര്‍ഷമായി അനുഭവിക്കുന്ന ജാതി വിവേചനത്തിന്റെ ഫലമായി തന്റെ ഗവേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടതിനെതിരായി അനഘ ശശി മലയാളം സര്‍വകലാശാലക്ക് മുമ്പില്‍ അനിശ്ചിതകാല നിരഹാരം സമരം നടത്തുകയാണ്. അവരുടെ ജീവന്‍ രക്ഷിക്കണമെന്നും ഗവേഷണം പൂര്‍ത്തീകരിക്കാനുള്ള അക്കാദമിക് സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടാണ് കള്‍ച്ചറല്‍ ഫോറം ഐക്യദാര്‍ഢ്യസദസ്സ് നടത്തിയത്. പുരോഗമനകാരികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അധികാരം കയ്യാളുന്ന ഈ ക്യാമ്പസിനകത്ത് നടക്കുന്ന ഇത്തരം ജാതിപീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനും നീതിപൂര്‍വക സമീപനം സ്വീകരിക്കണമെന്നും കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു. വി.എ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജന്നി, നാരായണന്‍ വട്ടോളി, മൊയ്തു കണ്ണങ്കോടന്‍, വി.കെ.ബാലകൃഷ്ണന്‍. എ.എം.ലെനിന, വേണു ഗോപാലന്‍ കുനിയില്‍, കെ.വി.ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു.















