കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ചെറിയ വിളക്ക് ദിവസത്തെ പാണ്ടിമേളം ആയിരങ്ങളുടെ മനസ് കുളിര്പിച്ചു. കൊടുംവേനലില്‍ വിയര്പിന്റെ കാഠിന്യത്തിനിടെ മേളം ഏവര്‍ക്കും സുഖസുന്ദരമായ അന്തരീക്ഷം തീര്‍ത്തു. മേളം മുറുകുമ്പോള്‍ മനസ് ആനന്ദത്താല്‍ മുങ്ങി. പാണ്ടി മേളം ആസ്വദിക്കാന്‍ ദൂരെ ദിക്കില്‍ നിന്ന് ഉള്‍പെടെ വന്പുരുഷാരമെത്തി.
കലാമണ്ഡലം ശിവദാസന്മാരാരുടെ പ്രമാണത്തിലായിരുന്നു പാണ്ടിമേളം കത്തിക്കയറിയത്. പതി കാലത്തില്‍ തുടങ്ങി ആസ്വാദകരെ മേള ഗോപുരത്തിന്റെ പരകോടിയിലെത്തിക്കുകയായിരുന്നു. പാണ്ടിമേളത്തോടെയുള്ള കാഴ്ചശീവേലി ദര്‍ശിക്കാന്‍ മീനച്ചൂടിനെ വകവെയ്ക്കാതെയാണ് ഭക്തജനങ്ങളും മേള ആസ്വാദകരും പിഷാരികാവിലെത്തിയത്.
കാലത്ത് നടന്ന കോമത്ത് പോക്ക് ചടങ്ങും ഭക്തിസാന്ദ്രമായി. രാത്രി ഗോപീകൃഷ്ണമാരാരുടെ തായമ്പകയും ശുകപുരം രഞ്ജിത്ത്, ശുകപുരം രജോദ് തുടങ്ങിയവരുടെ ഡബിള്‍ തായമ്പകയും ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേളയും ആസ്വദിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.
-സുധീര്‍ കൊരയങ്ങാട്