കുറ്റ്യാടി: തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇടതു-വലതു മുന്നണികള്‍ പോര്‍ക്കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. കനത്ത വേനല്‍ചൂടിനൊപ്പം പോരാട്ടച്ചൂടിലാണ് നാട്.
പ്രഖ്യാപനത്തതിനു പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജ ഇന്നലെ വടകരയിലെത്തി. റോഡ് ഷോ നടത്തിയ അവരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വരവേറ്റു. നാട്ടിന്‍പുറങ്ങളില്‍ മിക്കയിടത്തും വോട്ട് അഭ്യര്‍ഥിച്ച് ചെറു പ്രകടനങ്ങള്‍ നടന്നു. ബോര്‍ഡുകളും ബാനറും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. തെരഞ്ഞെടുപ്പിനു മുന്നോടിയായി സര്‍ക്കാര്‍ പരിപാടികളുടെ ബാഹുല്യത്തിലാണ് നാട്.
ഔദ്യോഗികമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലങ്കിലും യുഡിഎഫും അണിയറ നീക്കം സജീവമാക്കി. ചിലയിടങ്ങളില്‍ മുരളിധരന് വേണ്ടിയുള്ള ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. നിയോജക മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് ശില്പശാല പൂര്‍ത്തിയാക്കി കഴിഞ്ഞു. വിലക്കയറ്റത്തിനെതിരെ മാവേലി സ്റ്റോറിന് മുമ്പിലും മറ്റും യുഡിഎഫ് ധര്‍ണാ സമരം നടത്തി. ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് ഇന്നലത്തെ കോടതി വിധിയാണ് എവിടെയും ചര്‍ച്ച.
സ്ഥലം എംപിയെ ചില ചടങ്ങുകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ആക്ഷേപത്തിനിടയാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്ത കുന്നുമ്മല്‍ ആരോഗ്യ കേന്ദ്രം ഐസോലേഷന് വാര്‍ഡിന്റെ ഉദ്ഘാടനത്തില്‍ നിന്നും മൊകേരി ഗവ: കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടത്തില്‍ നിന്നും എംപിയെ ഒഴിവാക്കിയതായാണ് ആക്ഷേപം. സ്ഥാനാര്‍ഥി ആരെന്ന് വ്യക്തമായില്ലെങ്കിലും എന്‍ഡിഎയും അണിയറയില്‍ സജീവമാണ്.
പ്രചാരണം കൊഴുപ്പിക്കാന്‍ മുന്നണികളിലെ ഘടകകക്ഷികളും വെവ്വേറെ പ്രവര്‍ത്തനം നടത്തും. അടുത്ത ദിവസം തന്നെ വിപുലമായ കമ്മിറ്റികള്‍ വരും.
ഇനിയങ്ങോട്ട് വേനല്‍ കനക്കും ഒപ്പം തെരഞ്ഞെടുപ്പ് ചൂടും.
-ആനന്ദന് എലിയാറ