പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാ
ട് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
കേസിൽ ഇരുഭാഗങ്ങളുടേയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ചെന്താമര 20 ലക്ഷം പിഴയടക്കണമെന്നും ഉത്തരവിട്ടു.
ഈ തുക സുധാകരന്റെ മക്കൾക്ക് നൽകണം. ചെന്താമര പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷം
തടവ് അനുഭവിക്കണം. തുക നൽകാൻ ചെന്താമരയ്ക്ക് കഴിഞ്ഞില്ലെങ്കിൽ സർക്കാർ സഹായം നൽകണമെന്നും കോടതി വിധിച്ചു.
ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും സൈക്കോളജി, സൈക്കാട്രി റിപ്പോർട്ടുകൾ ഇത് ശരിവയ്ക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
ചെന്താമരയ്ക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേ
സിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.
നിലവിൽ സജിത വധക്കേസിൽ ഇരട്ടജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ് ചെന്താമര. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് സജിതയുടെ ഭർത്താവായ പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
















