
തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടി.വി ഉടമയുടേത് മാധ്യമ പ്രവര്‍ത്തനമല്ലെന്നും ഒട്ടേറെ വഞ്ചന കേസിലും ജിഎസ്ടി തട്ടിപ്പ് കേസിലും ഉള്‍പ്പെട്ടയാളാണെന്നും മുഖ്യമന്ത്രി വി.ഡി.
സതീശന്‍. ‘ഇന്ത്യാ ടുഡേ’ സംഘടിപ്പിച്ച റൗണ്ട് ടേബിളില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗുരുതര തട്ടിപ്പ് കേസില്‍ റിപ്പോര്‍ട്ടര്‍ ഉടമക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനെതിരായ പരാതികള്‍ എസ്‌ഐടി അന്വേഷിക്കുകയാണ്. കോടതിയില്‍ നിന്നുള്ള വാറണ്ട് പ്രകാരമാണ് ഓഫിസ് റെയ്ഡ് ചെയ്തത്. പൊലീസ് വളരെ ശാന്തമായാണ് കാര്യങ്ങള്‍ ചെയ്തത്. പ്രതിപക്ഷത്തിന്റേതല്ലാത്ത എല്ലാ മാധ്യമസ്ഥാപനങ്ങളും നടപടിയെ ശരിവെക്കുകയും ചെയ്യുന്നു.
ഇത് ഗുരുതര കുറ്റവുമായി ബന്ധപ്പെട്ട റെയ്ഡാണ്. ഏതെങ്കിലും വാര്‍ത്തയുടെ പേരിലല്ല നടപടി.
ഉടമയുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ 137 കുപ്പി മദ്യം പിടികൂടിയതിനെ തുടര്‍ന്ന് അബ്കാരി നിയമം ലംഘിച്ചതിനാണ് അറസ്റ്റ്. അദ്ദേഹത്തിന്റെ മാധ്യമസ്ഥാപനത്തില്‍നിന്ന് വിദേശ കറന്‍സികള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികാര നടപടിയാണ് റെയ്‌ഡെന്ന ആക്ഷേപങ്ങള്‍ മുഖ്യമന്ത്രി തള്ളി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറയുന്നത് ഇത് റെയ്ഡ് രാജാണെന്നാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എത്ര റെയ്ഡുകള്‍ നടന്നെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
















