
കോഴിക്കോട്: പണം നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ഫോണ്‍ സന്ദേശം. സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടന്‍
ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നുമായിരുന്നു സന്ദേശം. വയനാട് എംപിയുടെ ഓഫീസില്‍നിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. സംഭവത്തില്‍ എംഎല്‍എ പോലീസില്‍ പരാതി നല്‍കി.
ഈ മാസം ആറിനാണ് വിദ്യാ ബാലകൃഷ്ണന് വാട്സാപ്പ് കോള്‍ വന്നത്. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്നും രാജ്കുമാര്‍ എന്നാണ് തന്റെ പേരെന്നുമാണ് തട്ടിപ്പുകാരന്‍ പറഞ്ഞത്. കേരളത്തിലെ ഒരു എംപിയാണ് ഫോണ്‍ നമ്പര്‍ തന്നതെന്നും അയാള്‍ പറഞ്ഞു. തട്ടിപ്പ് മനസിലാക്കിയ എംഎല്‍എ പണം തരാമെന്ന്
സമ്മതിച്ചു. തുടര്‍ന്ന് നമ്പര്‍ നല്‍കി എന്ന് തട്ടിപ്പുകാരന്‍ പറഞ്ഞ എംപിയെ വിദ്യാ ബാലകൃഷ്ണന്‍ നേരിട്ട് വിളിക്കുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. എഐസിസി ആസ്ഥാനത്തു നിന്നാണെന്നു പറഞ്ഞ് ഒരാള്‍ തന്നെ ബന്ധപ്പെട്ടെന്നും ജില്ലയിലെ രണ്ട് എംഎല്‍എമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നെന്നും എംപി വിദ്യാ ബാലകൃഷ്ണനോട് പറഞ്ഞു.
പിന്നീട് ഇരുവരും വയനാട് എംപിയുടെ ഓഫീസുമായി ബന്ധപെട്ടു. ഓഫീസില്‍ നിന്ന് ആരും ഫോണ്‍ വിളിച്ചിട്ടില്ലെന്ന് അറിയിച്ചതോടെ ഈ മാസം 11ന് എംഎല്‍എ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നാണ് കാള്‍ വന്നതെന്ന് സൈബര്‍ സെല്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
















