
വടകര: വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ദേഹോപദ്രം ഏല്‍പിച്ച സംഭവത്തില്‍ പോലീസ് കേസ്. ചോറോട് ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പക്ടറായി ജോലി ചെയ്യുന്ന യുവതിക്കു
നേരെയാണ് അതിക്രമം. ഇത് സംബന്ധിച്ച പരാതിയില്‍ ചോറോട് ക്രാഷ്മുക്ക് പുനത്തില്‍ മജീദിന്റെ പേരില്‍ വടകര പോലീസ് കേസെടുത്തു.
പ്ലാസ്റ്റിക് കത്തിക്കുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്ന് മജീദിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് അതിക്രമം. പ്ലാസ്റ്റിക് കത്തിക്കുന്നതായി
കണ്ടെത്തിയതിനെ തുടര്‍ന്ന് തെളിവായി വീഡിയോ എടുക്കുന്നതിനിടെയാണ് ജീവനക്കാരിയെ ദേഹോപദ്രവം ഏല്‍പിച്ചത്. കൈ പിടിച്ച് തിരിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പ്രേരകും വാര്‍ഡ് മെമ്പറും അടങ്ങിയ വനിതാ സംഘമാണ് പരിശോധനക്കെത്തിയത്.
മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ഉടന്‍ മായ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു
അതിക്രമം. വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ വീട്ടുവളപ്പില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടയില്‍ ഏറെ പ്രയാസപ്പെട്ടാണ് സംഘം പുറത്തുകടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ജീവനക്കാര്‍ പെന്‍ഡൗണ്‍ സമരം നടത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
















