
വടകര: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ ഡിവൈഎഫ്‌ഐ നേതാവ്
ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ ഹര്‍ജി നല്‍കി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ മുഖേന വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ വെള്ളിയാഴ്ചയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പ്രതിഭാഗത്തിന്റ വാദം കേള്‍ക്കാന്‍ കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി
തള്ളിയിരുന്നു. കോഴിക്കോട് സെഷന്‍സ് കോടതിയാണ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയ പ്രതിക്ക് വടകര കോടതി പരിസരത്തും തിരുവള്ളൂരിലും സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു. രണ്ട് സംഭവങ്ങളും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
















