
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കാലവർഷം എത്തിയേക്കും. തെക്കു-പടിഞ്ഞാറൻ കാലവർഷം നിലവിൽ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, കന്യാകുമാരി പ്രദേശം, ബംഗാൾ
ഉൾക്കടൽ, ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കുപടിഞ്ഞാറൻ അറബിക്കടലിന് മുകളിലും സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 5.8 കിലോമീറ്റർ വരെ ഉയരത്തിൽ രണ്ട് ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്.
ഇവയുടെയെല്ലാം സംയുക്ത സ്വാധീനഫലമായാണ് നിലവിൽ ശക്തമായ മഴ ലഭിക്കുന്നത്. ഇന്നും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒമ്പത് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. 27 വരെ ജില്ലയിൽ
മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുണ്ട്.















