
പേരാമ്പ്ര: കാറിന് തീ പിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു യുവതിയുടെ കുടുംബം. സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരണമെന്നും ഇതു സംബന്ധിച്ച് പോലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നും
മരിച്ച സോനയുടെ കുടുംബം വ്യക്തമാക്കി. അപകടത്തെപ്പറ്റി പല സംശയങ്ങളും ഉണ്ടെന്നും കുടുംബം ആരോപിക്കുന്നു.
അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാറിന് എങ്ങനെ തീ പിടിച്ചു എന്ന് കണ്ടെത്താനായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വയറിങ്ങിന് തകരാര്‍ കണ്ടെത്താനായില്ല. ഇന്ധന ടാങ്കിന് ചോര്‍ച്ച ഇല്ലെന്നുമാണ് കണ്ടെത്തല്‍. ഇതോടെ നാടിനെ നടുക്കിയ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനാകാതെ കുഴങ്ങുകയാണ് അന്വേഷണസംഘം. ഫോറന്‍സിക് പരിശോധനാ ഫലം വന്നതിന് ശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂവെന്ന നിലപാടിലാണ് അന്വേഷണസംഘം.
ചെറുവണ്ണൂര്‍ കക്കറമുക്കിലാണ് കഴിഞ്ഞ ദിവസം രാത്രി ഓടിക്കൊണ്ടിരുന്ന കാറിന്
തീപിടിച്ച് ചെറുവണ്ണൂര്‍ പുത്തന്‍ ചാലില്‍ രജിന്‍ ലാലിന്റെ ഭാര്യ, ഏഴുമാസം ഗര്‍ഭിണിയായ സോന മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രജിന്‍ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
2016 മോഡല്‍, പെട്രോള്‍ കാറിന്റെ പിന്‍വശത്തു നിന്നാണ് തീ ഉയര്‍ന്നത്. ശബ്ദവും ഉണ്ടായിരുന്നു. മുന്‍വശത്തേക്ക് തീ കാര്യമായി പടര്‍ന്നിട്ടില്ല. പെട്രോള്‍ ടാങ്കുമായി ബന്ധപ്പെട്ട ലീക്കോ മറ്റ് പ്രശ്നങ്ങളോ ആയിരിക്കാം അപകടകാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കത്തിയ കാറില്‍ നിന്നു സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
















