
ദുബായ്: ഇന്നലെ റാസല്‍ഖൈമയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളിയെന്ന് തിരിച്ചറിഞ്ഞു. തലശേരി സ്വദേശിനി സങ്കീര്‍ത്തന
സുരേഷാണ് (26) മരിച്ചത്. അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്ന സങ്കീര്‍ത്തനയ്ക്ക് ദുബായില്‍ മറ്റൊരു ജോലി ലഭിച്ചതിനാല്‍ ഒമാനില്‍ പോയി വിസ പുതുക്കി മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. സങ്കീര്‍ത്തനയുടെ സഹോദരനും യുഎഇയിലാണ് ജോലി ചെയ്യുന്നത്.
അപകടത്തില്‍ മരിച്ച 13 പേരെയും തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. റാസല്‍ഖൈമയില്‍ തെക്കന്‍ മേഖലയിലെ അല്‍ വതന്‍ റോഡിലുണ്ടായ അപകടത്തില്‍പെട്ട് മരണപ്പെട്ടവരില്‍ മിക്കവരും
ഇന്ത്യക്കാരാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഒരു ഫിലിപ്പീന്‍സ് സ്വദേശിയും ശ്രീലങ്കക്കാരനും മരിച്ചവരിലുണ്ട്.
പരിക്കേറ്റ 14 പേര് റാസല്‍ഖൈമയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒമാനില്‍ സന്ദര്‍ശക വിസ പുതുക്കാന്‍ എത്തിയവരാണ് ബസിലുണ്ടായിരുന്നത്. 11 പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടുപേര്‍ ആശുപത്രിയിലും മരിച്ചു. ബസില്‍ 41 പേരാണ് യാത്ര ചെയ്തിരുന്നത്. തകരാറിനെ തുടര്‍ന്ന് വഴിയരികില്‍ നിര്‍ത്തിയിട്ട ട്രക്കിലേക്ക് ബസ്
വന്നിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വിവിധ എമിറേറ്റുകളില്‍ നിന്നുള്ള രക്ഷാസംഘങ്ങള്‍ സ്ഥലത്തെത്തിയാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ യഥാര്‍ഥ കാരണം ഉള്‍പ്പെടെയുള്ളവ കണ്ടെത്തുന്നതിന് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
















