പയ്യോളി: പോക്സോ കേസ് പ്രതിക്ക് ജാമ്യം ലഭിക്കാന് പോലീസ് ഒത്താശ ചെയ്തെന്നാരോപിച്ച് ആക്ഷന് കമ്മിറ്റിയുടെ നേതൃത്വത്തില് പയ്യോളി പൊലീസ്
സ്റ്റേഷനിലേക്ക് നടത്തിയ മാര്ച്ചില് രോഷം ഇരമ്പി. പ്രവര്ത്തകരെ തടയാന് വെച്ച ബാരിക്കേഡ് ജനരോഷത്തില് തകര്ന്നു. സ്ത്രീകളടക്കമുള്ള സമരക്കാര് ബാരിക്കേഡ് തള്ളിമാറ്റി പൊലീസ് സ്റ്റേഷന്റെ മുറ്റം വരെ എത്തി പ്രതിഷേധിച്ചു. ഇവര് കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. ഇതിനിടയില് സമരക്കാരില് ഒരാളെ പൊലീസ് പിടികൂടി സ്റ്റേഷനകത്തേക്ക് കൊണ്ടുപോയത് പൊലീസും സമരക്കാരും തമ്മില് വാക്ക് തര്ക്കത്തിനിടയാക്കി. ഒടുവില് ഇയാളെ പൊലീസിന് വിട്ടയക്കേണ്ടി വന്നു.
വടകര ബേങ്ക് റോഡ് ചങ്ങരോത്ത് റഫീഖിന്റെ പേരിലെടുത്ത പോക്സോ കേസിലാണ് പയ്യോളി പൊലീസിനെതിരെ കടുത്ത പരാതി ഉയര്ന്നിരിക്കുന്നത്. വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും പ്രതി ജാമ്യത്തിലിറങ്ങിയതിലാണ് നാട്ടിലാകെ രോഷം പടര്ന്നത്. പയ്യോളി പൊലീസിന്റെ കുറ്റകരമായ അനാസ്ഥയുണ്ടെന്ന് ആരോപിച്ച് നൂറുകണക്കിനാളുകള് ആക്ഷന് കമ്മിറ്റിയുടെ നേതൃത്വത്തില് പൊലീസ് സ്റ്റേഷലേക്ക് മാര്ച്ച് നടത്തുകയായിരുന്നു.















