വടകര: എസ്എന് ട്രസ്റ്റ് അംഗവും വടകര എസ്എന്ഡിപി യൂണിയന് സെക്രട്ടറിയും
കെഎസ്എസ് സാരഥിയുമായിരുന്ന പി.എം.രവീന്ദ്രന്റെ സമരണ നിലനിര്ത്തുന്നതിനുളള
സ്മരണിക പ്രകാശനത്തിന് തയ്യാറായി. ‘രവിയേട്ടന്-അണയാത്ത വെളിച്ചവും ഇടറാത്ത ശബ്ദവും’ എന്ന സ്മരണികയുടെ പ്രകാശനവും അനുസ്മരണവും ശനിയാഴ്ച ടൗണ്ഹാളില് നടക്കുമെന്ന് അണിയറ പ്രവര്ത്തകര് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
ഉച്ചതിരിഞ്ഞ് രണ്ടിന് നടക്കുന്ന ചടങ്ങില് ഡോ. അബ്ദുസമദ് സമദാനി എംപി പ്രകാശനം നിര്വഹിക്കും. ഷാഫി പറമ്പില് എംപി അനുസ്മരണപ്രഭാഷണം നടത്തും. കെ.കെ.രമ എംഎല്എ, മുനിസിപ്പല് ചെയര്മാന് പി.കെ.ശശി തുടങ്ങിയവര് പങ്കെടുക്കും.
എല്ലാ മേഖലയിലെയും പ്രമുഖര് ഉള്പെടെ 46 പേരുടെ രചനകളാണ് സ്മരണികയില് ഉള്പെടുത്തിയിരിക്കുന്നത്. പി.എം.രവീന്ദ്രനുമായി ആത്മബന്ധമുള്ളവര് ഇതില് മനസ് തുറക്കുന്നു. ഇക്കഴിഞ്ഞ ജൂണ് 27നായിരുന്നു പി.എം.രവീന്ദ്രന്റെ വേര്പാട്. വാര്ത്താസമ്മേളനത്തില് സ്മരണിക എഡിറ്റര് എം.ഹരീന്ദ്രന്, സബ് എഡിറ്റര് സുഗുണേഷ് കുറ്റിയില്, കെ.കെ.ജനാര്ദനന്, മണിബാബു, അടിയേരി രവീന്ദ്രന് എന്നിവര് പങ്കെടുത്തു.















