
കോഴിക്കോട്: ഒക്ടോബര് 25 മുതല് 31 വരെ ചാത്തമംഗലം എന്ഐടി ഗ്രൗണ്ടില് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂള് കായികമേളയോടനുബന്ധിച്ച് കുടിവെള്ള വിതരണത്തിനായി
വെല്ഫെയര് കമ്മിറ്റിയുടെ നേതൃത്വത്തില് തണ്ണീര്ക്കുടങ്ങള് സ്ഥാപിച്ചു. എന്.ഐ.ടി. ഗ്രൗണ്ടിന് സമീപമുള്ള സ്വാഗതസംഘം ഓഫീസില് ക്രമീകരിച്ച ആദ്യ തണ്ണീര്ക്കുടത്തില് നിന്നുള്ള ജലവിതരണത്തിന്റെ ഉദ്ഘാടനം വെല്ഫെയര് കമ്മിറ്റി ചെയര്പേഴ്സണ് കൂടിയായ കെ.കെ. രമ എം.എല്.എ. നിര്വഹിച്ചു.
പൂര്ണമായും ഗ്രീന് പ്രോട്ടോക്കോള് പാലിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നത്. പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കുന്നതിനൊപ്പം പരമ്പരാഗത രീതിയില് ശുദ്ധമായ തണുത്ത വെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യവും
ഇതിനുപിന്നിലുണ്ടെന്ന് എം.എല്.എ. വ്യക്തമാക്കി.
ചടങ്ങില് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. അനീഷ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് സലിം കുന്നത്ത്, കമ്മിറ്റി വൈസ് ചെയര്പേഴ്സണ്മാരായ ടി.എം. ജോസഫ്, റോയ് മുരിക്കോലി, വെല്ഫെയര് കമ്മിറ്റി കണ്വീനര് കെ.എം.എ. നാസര്, ജോയിന്റ് കണ്വീനര്മാരായ മുഹമ്മദ് അസ്ലം, എബി ദേവസ്യ, പഞ്ചായത്ത് അംഗങ്ങളായ വി.പി. പുഷ്പവേണി, അജിത ആണിയംവീട്ടില്, ഫൗസിയ മുഹമ്മദ്, അന്ഷിദ, സുബൈദ പുതിയാടം, ഡോ. ജോസ് ജോണ് തുടങ്ങിയവര് പങ്കെടുത്തു.
















