
കോഴിക്കോട്: സെന്സസ് 2027-ന്റെ രണ്ടാംഘട്ടമായ പോപ്പുലേഷന് എന്യൂമറേഷന് പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ സെന്സസ് ഓഫീസര്മാര്, ചാര്ജ്
ഓഫീസര്മാര്, സെന്സസ് ക്ലര്ക്കുമാര്, ടെക്നിക്കല് അസിസ്റ്റന്റുമാര് എന്നിവര്ക്കായി സംഘടിപ്പിച്ച ജില്ലാതല പരിശീലന പരിപാടി പൂര്ത്തിയായി. ഒക്ടോബര് 12 മുതല് 15 വരെ കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് രണ്ട് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിച്ചത്.
സെന്സസ് പ്രവര്ത്തനങ്ങളുടെ നടപടിക്രമങ്ങള്, ഭരണ ഉദ്യോഗസ്ഥരുടെയും ക്ലര്ക്കുമാരുടെയും ചുമതലകള്, സിഎംഎം എസ്പിഇ മൊഡ്യൂളുകളുടെ പ്രവര്ത്തനം, എന്യൂമറേഷന് ബ്ലോക്കുകളുടെ രൂപീകരണം, സബ്-എന്യൂമറേഷന് ബ്ലോക്കുകളുടെ അതിര്ത്തി നിര്ണയം, ലേഔട്ട് മാപ്പുകള് തയ്യാറാക്കല്, ചാര്ജ് രജിസ്റ്റര് തയ്യാറാക്കല്
തുടങ്ങിയ വിഷയങ്ങളില് പരിശീലനം നല്കി. പോപ്പുലേഷന് എന്യൂമറേഷന് മൊബൈല് ആപ്പിന്റെ പ്രവര്ത്തനം, സജ്ജീകരണങ്ങള്, ഉപയോഗരീതി എന്നിവയില് പ്രായോഗിക പരിശീലനവും നല്കി.
സെന്സസ് ആശയങ്ങളും നിര്വചനങ്ങളും, ഉള്പ്പെടുത്തേണ്ട വ്യക്തികള്, ചോദ്യാവലി, വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനുള്ള മാര്ഗങ്ങള്, എസ് ഇ പോര്ട്ടലിന്റെ ഉപയോഗം, അച്ചടി-ലോജിസ്റ്റിക്സ് ക്രമീകരണങ്ങള്, കിറ്റ് വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള് എന്നിവയും പരിശീലനത്തിന്റെ ഭാഗമായി വിശദീകരിച്ചു. പോപ്പുലേഷന് എന്യൂമറേഷന് ഘട്ടത്തിലെ മാധ്യമ-പ്രചാരണ പ്രവര്ത്തനങ്ങളും പരിശീലനത്തില് ഉള്പ്പെടുത്തി.
















