വടകര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഫണ്ടും പദ്ധതിയും നഗരവികസിത പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ലഭ്യമാകുന്ന സാഹചര്യമാണ് ഇന്ത്യയില്‍
നിലനില്‍ക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംപി അഭിപ്രായപ്പെട്ടു. കേരളത്തിന് പുറത്ത് നാഗരികവല്‍ക്കരണത്തിന്റെ ഭാഗമായി പഞ്ചായത്തുകള്‍ വികസിക്കുന്ന സ്ഥിതിയാണ്. കേരളത്തിലെ പഞ്ചായത്തുകളുടെ സാഹചര്യം അടിസ്ഥാനമായി മാറേണ്ടതുണ്ട്. നിലവിലുള്ള രീതിയില്‍ മുന്നോട്ടു പോയാല്‍ ഫണ്ട് ലഭ്യതയുടെ കാര്യത്തില്‍ നാം ഏറെ പിറകോട്ടാവും. ഈ സാഹചര്യം മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഗവണ്മെന്റിന്റെ മുമ്പില്‍ പ്രത്യേകമായ പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഫോക്കസ്-2030 സമഗ്ര വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്തരത്തൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് അധ്യക്ഷത വഹിച്ചു. വികസന പദ്ധതികളുടെ സമീപനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊഫസര്‍ ടി.പി.കുഞ്ഞിക്കണ്ണന് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ
പി.പി.പ്രഭാകരന് (വില്യാപ്പള്ളി), ദിന്‍ഷ.കെ (മണിയൂര്‍), ആസ്യ (ആയഞ്ചേരി), എല്‍.വി.രാമകൃഷ്ണന് (തിരുവള്ളൂര്‍), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കെ.ദിനേശന്, പി.സി.ഷീബ, ബ്ലോക്ക് വൈസ്പ്രസിഡന്റ് നസീമ തട്ടാം കുനിയില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ.ദിവാകരന്, ശ്രീജിത്ത് എടത്തട്ട, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ആയാടത്തില്‍ രവീന്ദ്രന്, രാമദാസ് മണലേരി, ടി.മോഹന്‍ദാസ്, വള്ളില്‍ ശാന്ത എന്നിവര്‍ ആശംസ പ്രസംഗം നടത്തി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ അടുത്ത അഞ്ചു വര്‍ഷം നടത്താന്‍ ഉദ്ദേശിക്കുന്ന സമഗ്ര വികസന പദ്ധതികളെ സംബന്ധിച്ച് 13 വിഷയ ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചയും ക്രോഡീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മോഹന്‍രാജ് നന്ദി പറഞ്ഞു.















