വടകര: ദുരന്തങ്ങളും അപകടങ്ങളും നിത്യ സംഭവങ്ങളായി മാറുന്ന സാഹചര്യം മറികടക്കാന്‍ ശാസ്ത്രീയമായ പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരുടെയും
വളണ്ടിയര്‍മാരുടെയും സേവനം ഉറപ്പുവരുത്താന്‍ പരിശീലന പദ്ധതിയുമായി മണിയൂര്‍ പഞ്ചായത്ത്. രക്ഷാമിത്ര എന്ന പേരില്‍ തുടങ്ങിയ പദ്ധതി പഞ്ചായത്തിലാകെ വ്യാപിപ്പിക്കുകയാണെന്ന് പ്രസിഡന്റ് കെ.ദിന്‍ഷ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇവരുടെ ഇടപെടലിന്റെ ഫലമായി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും മനുഷ്യജീവനും സ്വത്തുകള്‍ക്കും സംരക്ഷണം നല്‍കാനും കഴിഞ്ഞിട്ടുണ്ട്. രക്ഷാമിത്ര എന്ന പേരില്‍ തുടങ്ങിയ റസ്ക്യൂ ടീമില്‍ 30 ഓളം വളണ്ടിയര്‍മാരാണുള്ളത്. പഞ്ചായത്തിലെ 11,500 ഓളം വീടുകളിലും ഒരു ബിഎല്‍എസ് വളണ്ടിയര്‍ എന്നതാണ് ലക്ഷ്യം. മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട മണിയൂരില്‍ അപകടമോ ദുരന്തമോ നടന്നു കഴിഞ്ഞാല്‍ രക്ഷാപ്രവര്‍ത്തകരായ ഫയര്‍ ഫോഴ്സിനോ പോലീസിനോ എത്തിച്ചേരാനും ആശുപത്രിയില്‍ എത്തിക്കാനും
അനുഭവപ്പെടുന്ന സമയ ദൈര്‍ഘ്യം ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമായി മണിയൂര്‍ രക്ഷാമിത്രയും ബേബി മെമ്മോറിയല്‍ ആശുപത്രിയും സംയുക്തമായി മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളിലെയും ഒരു അംഗത്തിനെങ്കിലും സിപിആര്‍, പ്രഥമശുശ്രൂഷാ പരിശീലനം നല്‍കാനാണ് തീരുമാനം. വാര്‍ഡ് തല പരിശീലന പരിപാടിയുടെ ഉദ്ഘാടനവും ആദ്യഘട്ടം പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും 17ന് രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. ദുരന്ത നിവാരണ സേനയുടെ ചുമതലയുള്ള അസിസ്റ്റന്റ് കളക്ടര്‍ കെ.കെ.പ്രസീല്‍ ഉദ്ഘാടനം നിര്‍വഹിക്കും.















