
നാദാപുരം: കത്തുന്ന വെയിലിനെ തൃണവല്‍ഗണിച്ചുകൊണ്ട് കുമ്മങ്കോട്ട് മൂന്ന് കര്‍ഷക തൊഴിലാളികള്‍ കര്‍മരംഗത്ത് സജീവം. നാടാകെ പുലിപ്പേടിയില്‍ നില്‍ക്കെ ജനങ്ങളുടെ
ഭീതി അകറ്റാന്‍ കാട് വെട്ടിതെളിക്കുകയാണിവര്‍. പുലി ഒളിച്ചിരിക്കാന്‍തക്ക കാടുകളാണ് കനാല്‍ സൈഡിലാകെ. ഇവ വെട്ടിയും കൊത്തിയും മാറ്റുകയാണ് തൊഴിലാളികള്‍.
ഒരാഴ്ചയോളമായി കുമ്മങ്കോട് ഹെല്‍ത്ത് സെന്ററിനു സമീപത്തെ കാടുകള്‍ വെട്ടിമാറ്റുകയാണ് കളരി കിട്ടിയ പറമ്പത്ത് കുമാരന്‍, മീത്തലെ പറമ്പത്ത് രാജന്‍, കയലാങ്കണ്ടി നാണു എന്നിവര്‍. കൂലി വാങ്ങാതെയാണ് ഇവര്‍ ഈ പണി ചെയ്യുന്നത്. നിരവധിപേര്‍ വാഹനത്തിലും
കാല്‍നടയായും യാത്ര ചെയ്യുന്ന കനാല്‍ റോഡിന് ഇരുവശവും വലിയ തോതില്‍ കാടുകള്‍ നിറഞ്ഞിരിക്കുകയാണ്. ഈ കാട് വെട്ടിത്തെളിക്കുന്നത് നാട്ടുകാരില്‍ വലിയ ആശ്വാസം പകരുന്നുണ്ട്. പുലിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ലെങ്കിലും ഇത്തരം കാടുകള്‍ നീക്കാന്‍ ഇത് ഒരവസരമായിരിക്കുയാണ്.
















