
അബുദാബി: ഫ്‌ലൈ ദുബായ് വിമാനത്തില്‍ ആക്രമണം നടത്തിയ സഹപൈലറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒമാന്‍ പൗരനായ ഹമാം അല്‍ഹമാമിയാണ് സഹപൈലറ്റ്
എന്ന് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയില്‍ ജനിച്ച ഹമാമിന്റെ പിതാവ് ഒമാന്‍ സ്വദേശിയും മാതാവ് സിറിയക്കാരിയുമാണ്. തീവ്രവാദപരമായ കാഴ്ചപ്പാടുകളുണ്ടെന്ന് കണ്ടെത്തിയതിനാല്‍ സ്വന്തം രാജ്യമായ ഒമാന്‍ ഇയാളെ വിമാനം പറത്തുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
ഹമാം കൂടുതല്‍ സമയവും സിറിയയിലാണ് ചെലവഴിച്ചിരുന്നത്. അവിടെ നിന്നാകാം തീവ്രവാദ ആശയങ്ങളില്‍ സ്വാധീനിക്കപ്പെട്ടതെന്നാണ് നിഗമനം. 2024ല്‍ ഒമാന്‍ എയറില്‍
കോ-പൈലറ്റ് ട്രെയിനിയായി ജോലി ചെയ്യുന്നതിനിടെ ഇയാളുടെ കൈവശം തീവ്രവാദ സ്വഭാവമുള്ള വസ്തുക്കള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് വിമാനം പറത്തുന്നതില്‍ നിന്ന് വിലക്കിയെങ്കിലും എയര്‍ലൈനില്‍ ഭരണപരമായ ചുമതലകളില്‍ ജോലി തുടരാന്‍ അനുവദിച്ചു. ഒമാന്‍ എയറില്‍ ഏഴുവര്‍ഷമാണ് ജോലി ചെയ്തത്. ഈ വിലക്ക് നിലനില്‍ക്കെത്തന്നെ, ദുബായ് ആസ്ഥാനമായുള്ള ‘ഫ്‌ലൈദുബായ്’ അദ്ദേഹത്തെ ജോലിക്ക് നിയമിക്കുകയായിരുന്നു. യുഎഇയെയും ഇസ്രായേലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ റൂട്ടില്‍ വിമാനം പറത്താന്‍ അവസരം നല്‍കുകയും ചെയ്തു. ഫ്‌ലൈദുബായില്‍ എട്ടു മാസം
മാത്രമാണ് ഹമാം ജോലി ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ലൈദുബായ് വിമാനം ഇസ്രയേലില്‍ തകര്‍ക്കാന്‍ ഇയാള്‍ പദ്ധതിയുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 9/11 മാതൃകയില്‍ ഇടിച്ചിറക്കാനാണ് പദ്ധതിയിട്ടിരുന്നത്. വിമാന ആക്രമണത്തിന് നാല് മണിക്കൂറുകള്‍ക്ക് ശേഷം ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഒസാമ ബിന്‍ ലാദന്‍ അടക്കമുള്ള ഭീകരരുടെ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇത് മുന്‍കൂട്ടി സെറ്റ് ചെയ്തതാണെന്നാണ് വിവരം.
















