
കോഴിക്കോട്: വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന ജീവഹാനികള്‍ക്കും കൃഷി നാശത്തിനുമുള്ള നഷ്ടപരിഹാര തുകയില്‍ 100 ശതമാനം വര്‍ധനവ് വരുത്താന്‍ സര്‍ക്കാര്‍
തീരുമാനിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. കൃഷി വകുപ്പുമായി സഹകരിച്ച് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ‘കര്‍ഷക സുരക്ഷ – വന്യജീവി സംഘര്‍ഷ ലഘൂകരണം’ സംസ്ഥാനതല കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി പ്രശ്‌നം വനം വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമായി കാണാതെ കൃഷി, റവന്യൂ വകുപ്പുകളുടെ സംയോജിത ഇടപെടലിലൂടെ പരിഹരിക്കുമെന്നും, തദ്ദേശീയ അനുഭവങ്ങളും ആധുനിക സാങ്കേതികവിദ്യകളും കോര്‍ത്തിണക്കി കര്‍ഷകരുടെ ജീവനും സ്വത്തിനും പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത
വഹിച്ചു.
കാര്‍ഷിക നാശനഷ്ടങ്ങള്‍ക്കുള്ള ധനസഹായ വിതരണത്തിലെ കാലതാമസം ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. മുഖ്യമന്ത്രി, കൃഷി മന്ത്രി, ധനകാര്യ മന്ത്രി എന്നിവരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാര തുക ഇരട്ടിയാക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് കുരങ്ങ് ഉള്‍പ്പെടെയുള്ള വന്യജീവികള്‍ നശിപ്പിക്കുന്ന ഒരു തേങ്ങയ്ക്ക് 15 രൂപ നിരക്കിലും, കൊക്കോ കൃഷിനാശത്തിന് തടമൊന്നിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം നല്‍കും. എക്കോ സെന്‍സിറ്റീവ് സോണ്‍ അല്ലെങ്കില്‍ ഇ.എഫ്.എല്‍ നടപടികളുടെ പേരില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കുന്ന രീതി ഇനി അനുവദിക്കില്ലെന്നും തറവില
നിശ്ചയിച്ച് അര്‍ഹമായ കോമ്പന്‍സേഷന്‍ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി തടഞ്ഞുനിര്‍ത്തല്‍, ആഘാത ലഘൂകരണം, അര്‍ഹമായ ധനസഹായം എന്നീ മൂന്നുമുഖ തന്ത്രങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി തീവ്ര സംഘര്‍ഷ മേഖലകളും 55 മുന്‍ഗണനാ പഞ്ചായത്തുകളും തിരിച്ചറിഞ്ഞ് മള്‍ട്ടി-ലെയര്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കും. വനമേഖലയോട് ചേര്‍ന്ന് ജീവിക്കുന്ന കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കാന്‍ ഇക്കോ-ടൂറിസവുമായി ബന്ധപ്പെടുത്തി ‘ഹോം സ്റ്റേ / ബാക്ക് പാക്കിങ്’ പൈലറ്റ് പദ്ധതി ഉടന്‍
ആരംഭിക്കും. വന്യമൃഗങ്ങള്‍ നശിപ്പിക്കാത്ത കാര്‍ഷിക വിളകളും (ഉദാഹരണത്തിന് ഉയര്‍ന്ന കുര്‍ക്കുമിന്‍ അടങ്ങിയ മഞ്ഞള്‍ കൃഷി) വിപണന സൗകര്യങ്ങളും പ്രോത്സാഹിപ്പിക്കും.
എംഎല്‍എമാരായ സി കെ കാസിം, വി ടി സൂരജ്, വിദ്യ ബാലകൃഷ്ണന്‍, പി കെ ഫിറോസ്, കെ എം അഭിജിത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിന്‍ പല്ലാട്ട് എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും വനം, കൃഷി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
















