നാദാപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരുപത്തഞ്ചര വര്‍ഷം കഠിനതടവും പിഴയും ശിക്ഷ. വടകര പുതുപ്പണം കക്കട്ടി സ്വദേശി സജീര്‍ മന്‍സില്‍ അന്ത്രു
എന്ന അബ്ദുള്‍ റസാഖിനെയാണ് (64) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ദേവന്‍.കെ.മേനോന്‍ ശിക്ഷിച്ചത്. ഒരു ലക്ഷത്തി അന്‍പതിനായിരം രൂപയാണ് പിഴയായി നല്‍കേണ്ടത്. 2023 ഒക്ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. ബന്ധു വീട്ടിലേക്ക് സൈക്കിള്‍ ചവിട്ടി പോവുകയായിരുന്ന കുട്ടിയെ ആരുമില്ലാത്ത സമയത്ത് സ്വന്തം വീട്ടിലേക്ക് വിളിക്കുകയും തുടര്‍ന്ന് വീട്ടിനകത്ത് വെച്ച് കുട്ടിയെ പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. സംഭവം നടന്നശേഷം വീട്ടില്‍ എത്തിയ കുട്ടിയുടെ പരിക്കുകള്‍ ശ്രദ്ധയില്‍പെട്ട മാതാവ് പെട്ടെന്ന് വടകര ജില്ല ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് വടകര പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുകയുമായിരുന്നു. സംഭവത്തില്‍ രോഷാകുലരായ ജനക്കൂട്ടം പ്രതിയുടെ വീടിന് നേരെ ആക്രമണം നടത്തുകയുണ്ടായി. ഇതിന്റെ പേരില്‍ നാട്ടുകാരായ 18 പേര്‍ക്കെതിരെ പ്രതിയുടെ ഭാര്യ കേസ് കൊടുത്തിട്ടുണ്ട്. ജനക്കൂട്ടത്തിന്റെ ആക്രമത്തില്‍ പരിക്ക് പറ്റിയ പ്രതിയെ ആ ദിവസം തന്നെ അന്നത്തെ വടകര എസ്‌ഐ എ.കെ.സജീഷ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 18 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. വടകര പോലീസ് ഇന്‍സ്‌പെക്ടറും ഇപ്പോള്‍ നാദാപുരം ഡിവൈഎസ്പിയുമായ പി.എം.മനോജ്, എഎസ്‌ഐ ഷീന.എം.പി എന്നിവരാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. എഎസ്‌ഐ ഷാനി.പി.എം പ്രോസിക്യൂഷന്‍ വിങ്ങ് ഏകോപിപ്പിച്ചു.















