
നാദാപുരം: തിങ്കളാഴ്ച ഉച്ചക്ക് കാണപ്പെട്ട വന്യജീവിയെ പിടിക്കാന്‍ കൂടൊരുക്കി കാത്തിരിക്കുകയാണ് കുമ്മങ്കോട്. നാട്ടില്‍ പുലി ഇറങ്ങിയെന്നാണ് നാട്ടുകാര്‍ കരുതുന്നത്.
കാല്‍പാടുകളും അക്രമത്തിനിരയായവരുടെ മൊഴിയും കണക്കിലെടുത്ത് പുലിയാവാമെന്ന നിഗമനം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ടെങ്കിലും തറപ്പിച്ച് പറയാനായിട്ടില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
ദിവസങ്ങളായി പുലിക്ക് സമാനമായ വന്യജീവിയെ കുമ്മങ്കോട്ട് മേഖലയില്‍ കണ്ടതായി ഇവിടത്തുകാര്‍ പറയുന്നു. ഇതിനു പിന്നാലെയാണ് കുമ്മങ്കോട് ബദ്‌രിയ മസ്ജിദിനു സമീപത്തെ
പറമ്പിലും റോഡിലും തിങ്കളാഴ്ച ഉച്ചക്ക് വന്യജീവിയെ കണ്ടതും രണ്ടു പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റതും. സംഭവം പരിഭ്രാന്തി പരത്തിയെങ്കിലും അധികൃതരുടെയും ജനപ്രതിനിധികളുടെയും ഇടപെടല്‍ നാട്ടുകാരില്‍ ആശ്വാസം പകര്‍ന്നു. അതേസമയം കുമ്മങ്കോട്ട് ഒരു വീട്ടിലെ സിസിടിവിയില്‍ പുലിയുടേതിന് സമാനമായ ദൃശ്യം പതിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
നാദാപുരം ഡിവൈഎസ്പി പി.എം. മനോജിന്റെ നേതൃത്വത്തില്‍ പൊലിസും കുറ്റ്യാടിയില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും പെരുവണ്ണാമൂഴി, താമരശേരി എന്നിവിടങ്ങളില്‍
നിന്നുള്ള ആര്‍ആര്‍ടി സംഘവും സ്ഥലത്ത് പരിശോധന നടത്തി.
ഇതുവരെ വന്യജീവിയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രദേശവാസികള്‍ അനാവശ്യ യാത്രകളും സന്ദര്‍ശനങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്നും പോലീസ്, ഫോറസ്റ്റ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളോട് പൂര്‍ണമായി സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.
















