
കൊയിലാണ്ടി: ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ചെണ്ടുമല്ലി കാലംതെറ്റി പുഷ്പിച്ചത്
യുവ കര്‍ഷകന്റെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തി. മുത്താമ്പിയിലെ ഗിരീഷിനാണ് ഈ ദുരനുഭവം. തന്റെ പത്ത് സെന്റ് സ്ഥലത്ത് ഗിരീഷ് ഓണക്കാല വിപണനത്തിനായി ചെണ്ടുമല്ലിപ്പൂ കൃഷിയിറക്കുകയായിരുന്നു. എന്നാല്‍ കാലവര്‍ഷം വില്ലനായി മാറിയതോടെ
ചെണ്ടുമല്ലികള്‍ പുഷ്പിക്കാന്‍ മറന്നത് ഗിരീഷിന്റെ പ്രതീക്ഷകളെ തകിടം മറിച്ചു. ഓണക്കാലം പിന്‍വാങ്ങി പൂ വിപണികള്‍ നിര്‍ജീവമായപ്പോഴാണ് ചെണ്ടുമല്ലി പൂവിട്ടത്. ഇപ്പോള്‍ ഗിരീഷിന്റെ കൃഷിയിടത്തില്‍ മഞ്ഞ, ചുവപ്പ് ചെണ്ടുമല്ലികള്‍ സമൃദ്ധമായി പുഷ്പിച്ചു നില്‍പ്പാണ്. വിപണി കണ്ടെത്താനാകാതെ കുഴങ്ങുകയാണ് ഗിരീഷ്. മനോഹരമായ ചെണ്ടുമല്ലികള്‍ എന്തു ചെയ്യുമെന്നറിയാത്ത നിസ്സഹായാവസ്ഥ.
-സുധീര്‍ കൊരയങ്ങാട്
















