വടകര: എസ്ഡിപിഐയുടെ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്‌സ് കുറ്റ്യാടി അസംബ്ലി യൂത്ത് കൗണ്‍സിലും ഭാരവാഹി പ്രഖ്യാപന സമ്മേളനവും 19ാം തിയ്യതി ശനിയാഴ്ച കുറ്റ്യാടി
റിവര്‍ വ്യൂ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് എസ്ഡിപിഐ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ടകള്‍ നടപ്പിലാക്കുന്ന സാഹചര്യത്തില്‍ യുവജനതയെ കൂടുതല്‍ ബോധവല്‍ക്കരിക്കുകയും വിദ്യാര്‍ഥികളിലും യുവാക്കളിലും കൃത്യമായ രാഷ്ട്രീയ ബോധം വളര്‍ത്തുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹിക വിഷയങ്ങളില്‍ യുവജനങ്ങളുടെ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യങ് ഡെമോക്രാറ്റ്‌സ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 3.30ന് യൂത്ത് കൗണ്‍സില്‍ ആരംഭിക്കും. ചടങ്ങില്‍ കുറ്റ്യാടി അസംബ്ലി ഭാരവാഹികളെ പ്രഖ്യാപിക്കും. തുടര്‍ന്ന് ബാന്‍ഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുറ്റ്യാടി ടൗണില്‍ യൂത്ത് റാലി സംഘടിപ്പിക്കും. റാലിക്ക് ശേഷം പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതുസമ്മേളനം നടക്കും. പൊതുസമ്മേളനത്തില്‍ യങ് ഡെമോക്രാറ്റ്‌സ് സംസ്ഥാന ഓര്‍ഗനൈസിങ് കമ്മിറ്റി അംഗം ബാസിത് ആല്‍വി മുഖ്യപ്രഭാഷണം നടത്തും.















