മുക്കാളി: അഴിയൂര്‍-വെങ്ങളം പാത നവീകരണം പൂര്‍ത്തിയാക്കാതെയും യാത്രക്കാര്‍ക്ക്
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാതെയും ടോള്‍ പിരിവ് ആരംഭിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് യൂത്ത് ലീഗ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി.
ദേശീയപാതയില്‍ പലയിടത്തും പ്രവൃത്തി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. സര്‍വീസ് റോഡുകള്‍, അണ്ടര്‍പാസുകള്‍, സുരക്ഷാ സംവിധാനങ്ങള്‍, ഡ്രെയിനേജ് ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. ഇത്തരം സാഹചര്യത്തില്‍ ടോള്‍ ഈടാക്കുന്നത് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്. നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ് നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഇത്തരം വിഷയങ്ങളില്‍ അധികാരികള്‍ നടപടി
സ്വീകരിച്ചില്ലെങ്കില്‍ ജനകീയ സമരങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.















