
വടകര: കോഴിക്കോട് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിന് കീഴില്‍ പാസ്‌പോര്‍ട്ട് വിതരണത്തിലുണ്ടാകുന്ന വലിയ കാലതാമസം പരിഹരിക്കാന്‍ അടിയന്തര മന്ത്രാലയതല
ഇടപെടല്‍ ആവശ്യപ്പെട്ട് വടകര എംപി ഷാഫി പറമ്പില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് നിവേദനം നല്‍കി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ അപേക്ഷകരെ, പ്രത്യേകിച്ച് യുവജനങ്ങളെയാണ് ഈ പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള തത്കാല്‍ അപേക്ഷകള്‍ പോലും പരിശോധിച്ചു കിട്ടാന്‍ 10 മുതല്‍ 15 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നത് സേവനത്തിന്റെ ലക്ഷ്യത്തെത്തന്നെ ഇല്ലാതാക്കുകയാണ്.
വിദേശത്ത്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍
ജോലി ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് കൃത്യസമയത്ത് പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. കൂടാതെ, വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ നടപടികളെയും അടിയന്തര വൈദ്യസഹായ ആവശ്യങ്ങള്‍ക്കായുള്ള യാത്രകളെയും ഈ പ്രതിസന്ധി സാരമായി ബാധിക്കുന്നു. അപേക്ഷാ ഫീസ് വര്‍ധിപ്പിച്ചിട്ടും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ ദിവസേനയുള്ള അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകള്‍ പരിമിതമായി തുടരുന്നത് പൊതുജനങ്ങള്‍ക്ക് കടുത്ത ദുരിതമാണ് സൃഷ്ടിക്കുന്നത്.
ഈ സാഹചര്യം പരിഹരിക്കുന്നതിനായി കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍
താത്കാലിക ജീവനക്കാരെ നിയമിച്ചും കൂടുതല്‍ കൗണ്ടറുകള്‍ തുറന്നും പ്രതിദിന അപ്പോയിന്റ്‌മെന്റ് ശേഷി വര്‍ധിപ്പിച്ച് കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
തത്കാല്‍ അപേക്ഷകളില്‍ കൃത്യസമയത്ത് നടപടി ഉറപ്പാക്കണമെന്നും ജോലി വിസ ലഭിച്ചവര്‍, വിദേശ പഠനത്തിന് ഓഫര്‍ ലെറ്റര്‍ ഉള്ളവര്‍, അടിയന്തര ആവശ്യങ്ങളുള്ളവര്‍ എന്നിവര്‍ക്കായി കോഴിക്കോട് ഓഫീസില്‍ പ്രത്യേക ഫാസ്റ്റ് ട്രാക്ക് ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കണമെന്നും കേന്ദ്ര മന്ത്രിയോട് അഭ്യര്‍ഥിച്ചു.
















