
വാണിമേല്‍: പഞ്ചായത്തില്‍ ജനങ്ങള്‍ക്ക് ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനായി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘മിഷന്‍ ഷാര്‍പ്പ് ‘ പദ്ധതി ആരംഭിച്ചു. ഇതു
പ്രകാരം കാട്ടുപന്നികളെ വെടിവെച്ചു കൊന്നു തുടങ്ങി. ഞായറാഴ്ച മൂന്ന് പന്നികളെയാണ് കൊന്നത്. കുന്നുകുളം, കൊമ്മിയോട്, വെള്ളിയോട് പ്രദേശങ്ങളിലാണ് കാട്ടുപന്നികളുടെ ശല്യം ഏറിയത്. പത്തോളം ഷൂട്ടര്‍മാരാണ് സംഘത്തിലുള്ളത്. കാട്ടുപന്നികളുടെ സാന്നിധ്യം തിരിച്ചറിയാന്‍
പരിശീലനം ലഭിച്ച നാല് വേട്ട നായ്ക്കളും ഇവരോടൊപ്പമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടി പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റ് എന്‍ കെ മുര്‍ഷിന, സ്ഥിരം സമിതി അധ്യക്ഷരായ കെ പി രാജീവന്‍, രാജു അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ടി ബാബു, പഞ്ചായത്ത്
അംഗങ്ങളായ അമയാ ശങ്കര്‍, ടി കെ വിജീഷ് എന്നിവര്‍ നേതൃത്വം നല്കി.
പന്നി ശല്യം രൂക്ഷമായ പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളില്‍ മിഷന്റെ ഭാഗമായി പന്നികളെ വെടിവെച്ചു കൊല്ലുമെന്നും വര്‍ഷങ്ങളായി കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരമാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി പ്രദീപ്കുമാര്‍ പറഞ്ഞു.
















