
നാദാപുരം: മരുതോങ്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ (എംആര്‍എസ്) നേരിടുന്ന അടിസ്ഥാന സൗകര്യ വികസന പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്ന് പട്ടികജാതി-
വര്‍ഗ, പിന്നോക്ക ക്ഷേമ മന്ത്രി കെ.എ. തുളസി അറിയിച്ചു. വിദ്യാര്‍ഥികളുടെ പഠനത്തിന് ആവശ്യമായ കംപ്യൂട്ടര്‍ സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു മന്ത്രി വ്യക്തമാക്കി.
സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും കെട്ടിടം ചോര്‍ന്നൊലിക്കുന്നതും സ്വന്തമായി കുടിവെള്ള സൗകര്യം ഇല്ലാത്തതും ഉള്‍പ്പെടെയുള്ള
പ്രശ്നങ്ങള്‍ കഴിഞ്ഞദിവസം സ്കൂള്‍ സന്ദര്‍ശിച്ച് മന്ത്രി നേരിട്ട് വിലയിരുത്തിയിരുന്നു. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
പത്താം ക്ലാസിലെ ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ നേരിടുന്ന കംപ്യൂട്ടര്‍ ലഭ്യതക്കുറവ് മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഹരിക്കുമെന്നു മന്ത്രി പറഞ്ഞു. അഞ്ചാം ക്ലാസ് മുതല്‍
പത്താം ക്ലാസ് വരെ 119 പെണ്‍കുട്ടികള്‍ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പഠന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.
ഹോസ്റ്റലും മെസ്സും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്ത് മഴക്കാലത്തും രാത്രികാലങ്ങളിലും വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ചെറിയ പാലം നിര്‍മിക്കുന്നതിനുള്ള ആവശ്യവും ചുറ്റുമതില്‍ നിര്‍മിക്കുന്നതിനുള്ള നിര്‍ദേശവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി കെ എ തുളസി അറിയിച്ചു.
സ്കൂളിന് ആവശ്യമായ കായിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് കെ. എം. അഭിജിത്ത് എംഎല്‍എയും അറിയിച്ചു.
സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാര്‍ഥികളുടെ പഠനനിലവാരം, ഹോസ്റ്റല്‍-മെസ് സൗകര്യങ്ങള്‍ എന്നിവ നേരിട്ട് വിലയിരുത്തുന്നതിനാണ് മന്ത്രി എംആര്‍എസ് സന്ദര്‍ശിച്ചത്. കെ എം അഭിജിത്ത് എംഎല്‍എ, സ്കൂള്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് സൗദ, അധ്യാപകര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
















