കുറ്റ്യാടി: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളെ പ്രകൃതിയോടും പരിസ്ഥിതിയോടും കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്നതിനായി കുന്നുമ്മല്‍ ബിആര്‍സിയുടെ
നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘മരച്ചങ്ങാതി’ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. ഫര്‍ണിച്ചര്‍, ഡെക്കോര്‍ ബ്രാന്‍ഡായ സ്റ്റോറീസ് ഹോംസിന്റെ സിഎസ്ആര്‍ പങ്കാളിത്തത്തോടെ സഹീര്‍ സ്റ്റോറീസ് ഫൗണ്ടേഷന് നടപ്പാക്കുന്ന ‘ട്രീബ്യൂട്ട്’ പദ്ധതിയുമായി സഹകരിച്ചാണ് മൂന്നാം ഘട്ടം തുടങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിച്ചുവരുന്ന കുട്ടികളുടേതുള്‍പ്പെടെ കുന്നുമ്മല്‍ ബിആര്‍സിയുടെ പരിധിയിലെ ഭിന്നശേഷി കുട്ടികളുടെ എല്ലാ വീടുകളിലും ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. വിദ്യാര്‍ഥികളെ പ്രകൃതിയോട് ചേര്‍ത്തുനിര്‍ത്തുന്നതിനും
പരിസ്ഥിതിസ്നേഹം വളര്‍ത്തുന്നതിനും വൃക്ഷപരിപാലനത്തിലൂടെ ഉത്തരവാദിത്വ ബോധം വളര്‍ത്തുന്നതിനുമാണ് ‘മരച്ചങ്ങാതി’ പദ്ധതി ലക്ഷ്യമിടുന്നത്. ഫായിസ മുനീറിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ശ്രീജേഷ് ഊരത്ത് ഫലവൃക്ഷത്തൈ നട്ട് പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കം കുറിച്ചു. വാര്‍ഡ് മെമ്പര്‍ നസീറ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ട്രീബ്യൂട്ട് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ റസീല ജാസ്മിന് പദ്ധതി വിശദീകരിച്ചു. സിആര്സിസിമാരായ പ്രമോദ്.പി, മുഹമ്മദ് റാഫി.കെ.പി, മുഹമ്മദലി.കെ.പി, നൈസാം തറോപ്പൊയില്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ ഉഷ.കെ, സുനില്‍ കുമാര്‍.കെ.സി, ഷാജി സെബാസ്റ്റ്യന്‍, ആഷ്ലി എന്നിവര്‍ സംസാരിച്ചു. കുന്നുമ്മല്‍ ബിആര്‍സി പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദലി.ഇ.പി സ്വാഗതവും സൂരജ്.ടി നന്ദിയും പറഞ്ഞു.















